ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാൻ ശ്രമം, ആന്റണിയോടും മുഖം തിരിച്ച് ജോസ് !

ടുവില്‍ പുറത്താക്കിയവരുടെ കാലുപിടിക്കാന്‍ യു.ഡി.എഫ് നേതൃത്വവും രംഗത്ത്. ഏത് വിധേയനേയും ജോസ് കെ മാണി വിഭാഗത്തെ തിരികെ യു.ഡി.എഫില്‍ എത്തിക്കാനാണ് അണിയറയില്‍ തിരക്കിട്ട ചരട് വലികള്‍ നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയെ മുന്‍ നിര്‍ത്തിയാണ് ഈ കരുനീക്കം. പാര്‍ട്ടി അനുവദിച്ചാല്‍ ജോസുമായുള്ള ചര്‍ച്ചക്ക് മുന്‍കൈ എടുക്കാമെന്ന് കെ.മുരളീധരന്‍ എം.പിയും വ്യക്തമാക്കിയിട്ടുണ്ട്. ജോസ്.കെ മാണിയെ പുറത്താക്കിയത് ശരിയായില്ലെന്ന നിലപാട് തുടക്കം മുതല്‍ സ്വീകരിച്ച കോണ്‍ഗ്രസ്സ് നേതാവാണ് കെ.മുരളീധരന്‍. ഇതിനു പുറമെ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയുമായി കൂടികാഴ്ചക്ക് ശ്രമിക്കുന്നുണ്ട്.

കെ.എം മാണിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിട്ടും അനിവാര്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയും ജോസ്.കെ മാണിയെ കൈവിടുകയാണുണ്ടായിരുന്നത്. ഈ പക ഇപ്പോഴും ജോസ്.കെ മാണിയുടെ മനസ്സിലും ഉണ്ട്. ജോസ് കെ മാണിയുമായി അടുപ്പമുള്ള കേന്ദ്രങ്ങളുമായി ഇതിനകം തന്നെ യു.ഡി.എഫ് ഉന്നതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. 25 സീറ്റുകള്‍ വരെ ജോസ്.കെ മാണിക്ക് മുന്നില്‍ ഓഫര്‍ വച്ച് മുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. ജോസ് കെ മാണി വിഭാഗം അനുകൂലമായി പ്രതികരിച്ചാല്‍ പി.ജെ.ജോസഫ് വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ വരെ തയ്യാറാണെന്ന നിലപാടും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ജോസഫ് വിഭാഗം ഒഴികെ മറ്റെല്ലാ ഘടകകക്ഷികള്‍ക്കും സമാന നിലപാടാണുള്ളത്.

ഇത്തവണ കൂടി ഭരണം കിട്ടാത്ത അവസ്ഥ ലീഗും കോണ്‍ഗ്രസ്സും മാത്രമല്ല ആര്‍.എസ്.പിയും ആഗ്രഹിക്കുന്നില്ല. എന്ത് വിട്ടുവീഴ്ച ചെയ്തും ജോസ്.കെ മാണിയെ തിരികെ കൊണ്ടുവരണമെന്നതാണ് ആര്‍.എസ്.പിയും ആഗ്രഹിക്കുന്നത്. കേരളത്തിലെ നേതാക്കളോട് ജോസ് കെ മാണി മുഖം തിരിക്കുമെന്നതിനാലാണ് ആന്റണിയെ തന്നെ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്. ജോസ് കൂടിക്കാഴ്ചക്ക് അനുകൂലമായി പ്രതികരിച്ചാല്‍ ആന്റണി നേരിട്ട് കേരളത്തിലെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ജോസ്.കെ മാണി തിരികെ വരണമെന്ന നിലപാടിലാണ്. ഇതിന് സാഹചര്യമൊരുക്കാന്‍ വേണ്ടി വന്നാല്‍ യു.ഡി.എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്നിവരെ മാറ്റണമെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസ്സില്‍ ശക്തമാണ്.

യു.ഡി.എഫില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ജോസ് കെ മാണി വിഭാഗം ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ഒരു കാരണവശാലും ഇടതുപക്ഷം വിടുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണവര്‍. യു.ഡി.എഫ് പുറത്താക്കിയപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയ ഇടതുപക്ഷത്തെ ഒരു കാരണവശാലും ചതിക്കില്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയിരിക്കുന്നത്. ജോസ് വിഭാഗത്തിലെ ശക്തരായ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റ്യന്‍, കാത്തിരപ്പള്ളി എം.എല്‍.എ ജയരാജ്, കോട്ടയം എം.പി തോമസ് ചാഴിക്കാടന്‍ എന്നിവരെ സ്വാധീനിക്കാനുള്ള കോണ്‍ഗ്രസ്സ് നീക്കവും പൊളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി ഇടതുപക്ഷത്ത് തന്നെ തുടരുമെന്നാണ് ഈ നേതാക്കളും വ്യക്തമാക്കിയിരിക്കുന്നത്. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഒരു കൂടിക്കാഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ജോസ് വിഭാഗമുള്ളത്.

എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. ക്രൈസ്തവ മത പുരോഹിതര്‍ വഴി അനുനയത്തിനുള്ള സാധ്യതയും അവര്‍ തേടുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് നിര്‍ണ്ണയത്തില്‍ സി.പി.ഐ ഉടക്കുമെന്നും അപ്പോള്‍ ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടാനാവുമെന്നുള്ള കണക്ക് കൂട്ടലും കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്. അതേസമയം ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ സി.പി.എം ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അര്‍ഹമായ പരിഗണന ജോസ്.കെ മാണി വിഭാഗത്തിന് നല്‍കിയിരിക്കുമെന്നാണ് സി.പി.എം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുള്ള വിട്ടുവീഴ്ച മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും ബാധകമാണെന്നതാണ് പാര്‍ട്ടി നിലപാട്. സി.പി.എം മാത്രമല്ല സി.പി.ഐയും ശരിക്കും വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് വ്യക്തം.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമല്ല വടക്കന്‍ ജില്ലകളിലെ മലയോര മേഖലയിലും ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത് നടത്തിയ സഖ്യമായതിനാല്‍ മുന്നണിക്ക് ദോഷമാകുന്ന ഒരു പ്രതികരണവും നടത്തരുതെന്ന നിര്‍ദ്ദേശമാണ് ജോസ്. കെ മാണിയും നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ പ്രകോപനം സൃഷ്ടിച്ചിട്ടും അതിന് ജോസ് വിഭാഗം മറുപടി നല്‍കാതിരുന്നതും ഇക്കാരണത്താല്‍ മാത്രമാണ്. അവര്‍ മുഖ്യമന്ത്രിയിലും സി.പി.എമ്മിലും ഉറച്ച വിശ്വാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാപ്പന്റെ പ്രകോപനത്തിന് ജോസ് കെ മാണി വിഭാഗം കാട്ടിയ പക്വത രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇടതുപക്ഷം ഈ രൂപത്തില്‍ നിലനിന്നാല്‍ യു.ഡി.എഫിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടം ശരിക്കും നടന്നിരിക്കുന്നത് ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്. ഇതില്‍ ഇടതുപക്ഷത്തിന് യുഡിഎഫിനേക്കാള്‍ അഞ്ചര ലക്ഷം വോട്ടിന്റെ ലീഡാണുള്ളത്. 11 ജില്ലാ പഞ്ചായത്തിലും ഇടതുപക്ഷമാണ് ഭരണം പിടിച്ചിരിക്കുന്നത്. വയനാട്ടിലാകട്ടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പവുമാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നാണക്കേടായിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റുകളും നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നത് തന്നെ രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു.

വയനാട്ടിലെ തിരിച്ചടി കെ.സി വേണുഗോപാല്‍ തന്നെയാണ് രാഹുലിനെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട അന്തിമ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ഗ്രാമീണ മേഖലയിലാകെ 5,49,264 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷം നേടിയിരിക്കുന്നത്. ഇതില്‍ സിപിഎമ്മിനു മാത്രമായി 44,81,824 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത് 42,99,497 വോട്ടുകളാണ്. ബിജെപിക്ക് 23,96,528 വോട്ടുകളാണ് നേടാനായിരിക്കുന്നത്. സിപിഐക്ക് 12,89,980 വോട്ടുകളും കേരള കോണ്‍ഗ്രസ് എമ്മിന് 4,98,115 വോട്ടുകളും ലഭിച്ചിട്ടുണ്ട്. മുസ്ലിംലീഗിന് കിട്ടിയത് 15,41,456 വോട്ടുകളാണ്. ജില്ലാ ഡിവിഷനുകളില്‍ മൂന്നില്‍ രണ്ടും ഇടതുപക്ഷമാണ് പിടിച്ചടക്കിയിരിക്കുന്നത്. ആകെയുള്ള 331 സീറ്റുകളില്‍ 212 ഉം ഇടതുപക്ഷമാണ് നേടിയിരിക്കുന്നത്.

യുഡിഎഫിനാകട്ടെ 110 സീറ്റുകളില്‍ ഒതുങ്ങേണ്ടിയും വന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ആകെ നേടാനായത് രണ്ട് സീറ്റുകള്‍ മാത്രമാണ്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ സിപിഎമ്മിന് 51,12,076 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 48,97,024 വോട്ടുകള്‍ മാത്രമാണ്. 152 ബ്ലോക്കില്‍ 105 എണ്ണത്തിലും ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആകെയുള്ള 2,080 ബ്ലോക്ക് ഡിവിഷനുകളില്‍ 1,266 ഇടത്തും ഇടതുപക്ഷത്തിനാണ് വിജയം. ഇതില്‍ 961ഉം സിപിഎമ്മിന് മാത്രമാണ്. സിപിഐക്ക് 211 സീറ്റുകളും യുഡിഎഫിന് 727 ഉം ബിജെപിക്ക് 37 ഉം ലഭിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും യുഡിഎഫിന് ആകെ ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ സിപിഎമ്മിന് മാത്രമായാണ് ലഭിച്ചിരിക്കുന്നത്.

യുഡിഎഫിന് മൊത്തത്തില്‍ 5,893 എണ്ണം ലഭിച്ചപ്പോള്‍ സി.പി.എമ്മിന് മാത്രമായി 5,947 വാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രരെ കൂട്ടാതെ ഇടതുപക്ഷത്തിന് മാത്രമായി 7,262 എണ്ണം ലഭിച്ചപ്പോള്‍ യുഡിഎഫിനുള്ളത് 5893 മാത്രമാണ്. ബിജെപിക്ക് ആകെ ലഭിച്ചിരിക്കുന്നത് 1,182 സീറ്റുകളാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം 257 സീറ്റ് നേടിയപ്പോള്‍ ജോസഫ് വിഭാഗം 178 സീറ്റിലാണ് ഒതുങ്ങിപ്പോയത്. കോണ്‍ഗ്രസ്സ് വാരിക്കോരി മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കിയിട്ടാണ് ഈ തിരിച്ചടിയെന്നതും നാം ഓര്‍ക്കണം. 1425 സ്വതന്ത്രരും ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിച്ചിട്ടുണ്ട്. ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന്റെ വ്യക്തമായ മേധാവിത്വമാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം എതിരാളികളക്കാള്‍ ബഹുദൂരം മുന്നിലാണ്. സമാനതകളില്ലാത്ത ആരോപണങ്ങളും കടന്നാക്രമണങ്ങളും ഉണ്ടായിട്ടും ഉജ്വല വിജയം നേടാനായതാണ് ഇടത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. ചെങ്കൊടിയുടെ ഈ കരുത്തില്‍ തന്നെയാണ് ജോസ്.കെ മാണി വിഭാഗവും നിലവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. യു.ഡി.എഫിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റുന്നതും ഇവിടെയാണ്.

Top