പത്തനംതിട്ട:ഉമ്മന്‍ ചാണ്ടി ഭരിച്ച 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പൊലീസില്‍ 12,185 നിയമനങ്ങള്‍ നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്താണെന്നും ചെന്നിത്തല പ്രതികരിച്ചു. സമരം പൊളിക്കാനാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നത്.
യു ഡി എഫ് കാലത്തെ നിയമനങ്ങളുടെ അടുത്ത് പോലും നിയമനങ്ങള്‍ നടത്താന്‍ എല്‍ഡിഎഫിന് കഴിയുന്നില്ല. നൂറുദിന കര്‍മ പരിപാടിയുടെ പേരില്‍ തൊഴില്‍ നല്‍കിയെന്ന് പറയുന്നതും വ്യാജ കണക്കാണ്. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണതിനെ മുഖ്യമന്ത്രി കളിയാക്കിയത് തരം താഴ്ന്ന നടപടിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
സമരം ചെയ്യുന്ന വിഭാഗത്തിനോട് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത് ജനാധിപത്യവിരുദ്ധമായ സമീപനമാണ്. മോദിയും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം? സര്‍ക്കാര്‍ വിലാസം സംഘടനയായി ഡിവൈഎഫ്‌ഐ മാറി. വിവിധ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ – ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്വയംഭരണ സ്ഥാപനങ്ങളിലും, നിലവിലുള്ള താത്കാലിക ജീവനക്കാരുടെ കണക്ക് പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.