‘ശ്രീറാം വെങ്കിടരാമനെ മാറ്റണം’: അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയും ആലപ്പുഴ ജില്ലാ കളക്റ്ററുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ സമരം പ്രഖ്യാപിച്ച് യുഡിഎഫ്. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തും. യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് തീരുമാനം. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചു.

അതിനിടെ, ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സർക്കാർ നടപടിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ രംഗത്തെത്തി‍. വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി വി അൻവർ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് കത്തയച്ചു. ശ്രീറാം വെങ്കിട്ടരാമിൻറെ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പിവി അൻവർ കത്തിൽ ആവശ്യപ്പെട്ടു. എഎൽഡിഎഫ് കൺവീനർക്ക് കത്തയച്ച വിവരം എംഎൽഎ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

Top