UDF and BJP Lookin for Lavlin case

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നല്‍കിയ നിരീക്ഷണത്തില്‍ പ്രതീക്ഷയോടെ യുഡിഎഫ്.

പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌ക്കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന ഹൈക്കോടതി നിരീക്ഷണമാണ് യുഡിഎഫ്-ബിജെപി കേന്ദ്രങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.

അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വിടനല്‍കി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും ഒറ്റക്കെട്ടായി ഇടതുമുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങിയത് മൂലം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം ലഭിക്കുന്ന നിലവിലെ സാഹചര്യം ലാവ്‌ലിന്‍ വിധി വരുന്നതോടെ നേരെ തിരിച്ചാവുമെന്ന വിലയിരുത്തലിലാണ് ഇടത് വിരുദ്ധര്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ടത് ശരിയാണെങ്കില്‍ അത് പൊതു പ്രസക്തമാണെന്നും പൊതുഖജനാവിന് നഷ്ടമുണ്ടായ കേസാണ് ഇതെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.

കേസ് ഫെബ്രുവരി അവസാനം പരിഗണിക്കാനാണ് കോടതി തീരുമാനം.

ഹൈക്കോടതി നിരീക്ഷണം പിണറായിക്ക് എതിരായതിനാല്‍ വിധിയും മറിച്ചാകില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

സിബിഐയുടെ ഹര്‍ജിയില്‍ ക്രൈം നന്ദകുമാറും വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാനുമാണ് നേരത്തെ കക്ഷി ചേര്‍ന്നിരുന്നത്.

സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന വാദത്തിനിടെയാണ് ഹൈക്കോടതി സിപിഎം നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരീക്ഷണം നടത്തിയത്.

സര്‍ക്കാരിനെ കേസില്‍ കക്ഷിയാക്കിയ സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോവാന്‍ സിപിഎം നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്.

പിണറായി നയിക്കുന്ന നവകേരള യാത്രയുടെ തലേദിവസം തന്നെ ഹൈക്കോടതി നിരീക്ഷണം വന്നത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും
ലാവ്‌ലിന്‍ വിഷയം നവകേരള യാത്രയില്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്ന തന്ത്രപരമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി നിരീക്ഷണത്തിന്റെ പകര്‍പ്പ് പുറത്തായതോടെ യുഡിഎഫ് നേതൃത്വവും ബിജെപിയും സിപിഎമ്മിനെതിരായ ആക്രമണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിലും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരംഭിക്കുന്ന വിമോചന യാത്രയിലും ലാവ്‌ലിന്‍ പ്രധാന പ്രചരണ വിഷയമാക്കാനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനം.

സിപിഎം പിണറായിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാല്‍ അത് യുഡിഎഫിന്റെ ഭരണ തുടര്‍ച്ച ഉറപ്പ് വരുത്തുന്ന നടപടിയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളെ ലാവ്‌ലിനില്‍ കൂടി വഴിതിരിച്ച് വിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ബിജെപിക്കാകട്ടെ സംഘടനാപരമായ പുത്തന്‍ ഉണര്‍വ്വും ബിഡിജെഎസുമായുള്ള കൂട്ടുകെട്ടും പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ലാവ്‌ലിനില്‍ സിപിഎം പ്രതിരോധത്തിലായാല്‍ ഈഴവ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ്.

അഴിമതി മുഖ്യ പ്രചരണ ആയുധമാക്കി യുഡിഎഫിനെയും വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്-ബിജെപി കൂട്ടുകെട്ടിനെയും എതിര്‍ക്കുന്ന സിപിഎമ്മിനെ ലാവ്‌ലിന്‍ അഴിമതി മുന്‍നിര്‍ത്തി അതേനാണയത്തില്‍ തിരിച്ചടിക്കാനാണ് ശ്രമം.

Top