udf-ak antony-assembly-election

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന വാക്ക് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടേത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുലിന്റെയും വിശ്വസ്ഥനായ ആന്റണിയുടെ നിലപാടിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഥമ പരിഗണന നല്‍കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തയ്യാറാക്കുന്ന സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ആന്റണിയുടെ അഭിപ്രായംകൂടി തേടിയായിരിക്കും അന്തിമലിസ്റ്റ് പുറത്തിറങ്ങുക.

കേരളത്തില്‍ ഭരണതുടര്‍ച്ച പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നീക്കങ്ങള്‍. കേരളത്തില്‍ ഭരണം ലഭിച്ചാലേ രാജ്യസഭയില്‍ കൂടുതല്‍പേരെ കോണ്‍ഗ്രസിന് എത്തിക്കാനാവൂ. ഓരോ മണ്ഡലങ്ങളിലും ഹൈക്കമാന്റ് നിയോഗിച്ച സംഘം സര്‍വേ നടത്തി ലഭിച്ച റിപ്പോര്‍ട്ടും താഴെതട്ടിലെ നേതൃത്വം നിര്‍ദ്ദേശിച്ച പേരുകളും കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കുന്ന ലിസ്റ്റും സൂക്ഷ്മമായി പരിശോധിച്ചായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനും ദീപക് ബാബ്രിയക്കും പുറമെ പ്രത്യേക നിരീക്ഷകനായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെയും കേരളത്തിലേക്ക് അയക്കുന്നുണ്ട്.

രണ്ടു തവണ കേരളത്തില്‍ മുഖ്യമന്ത്രിയായ ആന്റണി കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായി രംഗത്തിറങ്ങിയത് ആന്റണിയായിരുന്നു. വി.എസിന്റെ പ്രചരണത്തിനെ തടയിടാന്‍ കോണ്‍ഗ്രസ് ആന്റണിയെയാണ് രംഗത്തിറക്കിയത്.

ഇത്തവണ സുധീരനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി പദമോഹം ഉള്ളില്‍ ഒളിപ്പിക്കുന്നതിനാല്‍ മൂവരെയും പൂര്‍ണ്ണമായും ഹൈക്കമാന്റ് വിശ്വാസത്തിലെടുക്കുന്നില്ല. പാര്‍ട്ടിപുനസംഘടനയില്‍ താല്‍പര്യക്കാരെ തിരുകിക്കയറ്റി സുധീരന്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള എം.പിമാരുടെ പരാതിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മുന്നിലുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എം.പിമാരുടെ അഭിപ്രായംകൂടി ഹൈക്കമാന്റ് ആരായുന്നുണ്ട്. ഇനി ഗ്രൂപ്പുകളി നടക്കില്ലെന്ന ശക്തമായ സന്ദേശമാണ് ആന്റണി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത്.

Top