വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്

നിയമസഭയുടെ ഒറ്റ ദിവസത്തെ സമ്മേളനം ഒരു കാര്യത്തില്‍ എന്തായാലും തീരുമാനമാക്കിയിട്ടുണ്ട്. അത് യു.ഡി.എഫ് എന്ന മുന്നണിയെ സംബന്ധിച്ചാണ്. മുന്നണിയിലെ മൂന്നാമത്തെ പ്രധാന ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സില്ലാതെ ഇനി യു.ഡി.എഫിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. മുന്നണിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്ന് പറഞ്ഞ് ജോസ്.കെ മാണിക്ക് മുന്നില്‍ തുറന്നിട്ട വാതില്‍ അദ്ദേഹം തന്നെയാണിപ്പോള്‍ കൊട്ടിയടച്ചിരിക്കുന്നത്. നിലപാടും വ്യക്തം. അത് യു.ഡി.എഫിലേക്ക് ഇല്ല എന്നതു തന്നെയാണ്. ഇടതുപക്ഷ സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടു നിന്ന ജോസ് വിഭാഗം നല്‍കിയിരിക്കുന്നത് വ്യക്തമായ സന്ദേശമാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തോടൊപ്പം കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം കൂടി ചേര്‍ന്നാല്‍ അത് ഫലത്തെ ശരിക്കും സ്വാധീനിക്കുക തന്നെ ചെയ്യും.

യു.ഡി.എഫിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ്. മാണിയുടെ മരണത്തോടെ രണ്ടായ അവസ്ഥയിലാണിപ്പോള്‍ ആ പാര്‍ട്ടിയുള്ളത്. ജനപിന്തുണയും അണികളുടെ പിന്തുണയുമുള്ളത് ജോസ്.കെ മാണി വിഭാഗത്തിനാണ്. ജോസഫ് വിഭാഗം വെറും ‘പടമാണ് ‘അവസരവാദികളുടെ ഒരു കൂട്ടം മാത്രമാണ് ജോസഫ് വിഭാഗത്തിലുള്ളത്. ജോസഫിന്റെ കാലശേഷം എന്ത് എന്നതിനും ഒരു വ്യക്തതയുമില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ പിന്‍ഗാമിയാക്കാന്‍ ജോസഫ് കൊണ്ടു പോയിട്ടുണ്ടെങ്കിലും ഒപ്പമുള്ളവര്‍ തന്നെ ഈ താല്‍പ്പര്യത്തിനും പാരയാണ്. നാളെ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത ജോസഫ് വിഭാഗം യു.ഡി.എഫിന്റെ അടിവേരാണ് അറുത്തിരിക്കുന്നത്.

മലബാറില്‍ മുസ്ലീം ലീഗിന്റെയും തെക്കന്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെയും പിന്തുണയില്ലാതെ ഇടതുപക്ഷത്തോട് ‘മുട്ടാന്‍’ പോലും കോണ്‍ഗ്രസ്സിന് കഴിയുകയില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയതോടെ കേരള ഭരണമെന്ന യു.ഡി.എഫ് സ്വപ്നത്തിന് മുകളിലാണിപ്പോള്‍ കരിനിഴല്‍ പടര്‍ന്നിരിക്കുന്നത്. ജോസഫ് വിഭാഗക്കാരനായ കോതമംഗലത്തെ സ്വകാര്യ ധനകാര്യ ഉടമയാണ് ജോസ് വിഭാഗത്തെ പുറത്താക്കാന്‍ മുന്‍പ് ചരട് വലിച്ചിരുന്നത്. കെ.എം മാണിയുടെ സമ്പാദ്യങ്ങളുടെ പുറത്താണ് ഇയാള്‍ ധനകാര്യ സ്ഥാപനം പടുത്തുയര്‍ത്തിയത് എന്നാണ് കേരള കോണ്‍ഗ്രസ്സുകാരും ആരോപിക്കുന്നത്. കണക്ക് ബോധ്യപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ജോസഫ് വിഭാഗത്തിലേക്ക് ഈ വ്യവസായി കൂറു മാറിയതെന്നും ആക്ഷേപമുണ്ട്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനാണ് ഇപ്പോള്‍ ഈ ബ്ലെയ്ഡ് കമ്പനിക്കാരന്‍ ശ്രമിക്കുന്നത്. ഇതിന് കുട പിടിക്കാന്‍ യു.ഡി.എഫ് ഉന്നതര്‍ ഉള്‍പ്പെടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവര്‍ തന്നെയാണ് ജോസ് കെ മാണിയെയും പുകച്ച് ചാടിക്കാന്‍ ചരട് വലിച്ചിരിക്കുന്നത്. കറന്‍സിക്കു മുകളില്‍ യു.ഡി.എഫ് നേതാക്കളും പറക്കില്ലെന്ന് വ്യക്തം. ജോസഫിന്റെ കൂടെയാണ് കേരള കോണ്‍ഗ്രസ്സിലെ അണികള്‍ എന്ന് വിശ്വസിച്ചു കൊണ്ട് കൂടിയായിരുന്നു ഈ പുറത്താക്കല്‍. അബദ്ധം മനസ്സിലാക്കി പിന്നീട് യു.ഡി.എഫ് നേതൃത്വം നിലപാടില്‍ അയവ് വരുത്തിയെങ്കിലും ജോസ് പക്ഷം വഴങ്ങിയിരുന്നില്ല. ഈ നിലപാട് തന്നെയാണ് അവിശ്വാസ പ്രമേയത്തിലും അവര്‍ സ്വീകരിച്ചിരിക്കുന്നത്.

സ്വന്തം ബാനറില്‍ ജയിച്ച എം.എല്‍.എമാരുടെ വോട്ടുകള്‍ പോലും ലഭിക്കാതെ നാണം കെട്ട പരാജയമാണ് യു.ഡി.എഫിന് നിയമസഭയില്‍ ഉണ്ടായിരിക്കുന്നത്. യു.പി.എയില്‍ നിന്നു കൂടി ഗുഡ് ബൈ പറയുക എന്നത് മാത്രമാണ് ജോസ് വിഭാഗത്തിന് മുന്നില്‍ ഇനി ബാക്കിയുള്ളത്. അതുകൂടി സംഭവിക്കുന്നതോടെ കേരളത്തിലെ യു.ഡി.എഫിന്റെ തകര്‍ച്ചയും പൂര്‍ണമാകും. ഒറ്റക്ക് മത്സരിച്ചാല്‍ വിജയിക്കുന്ന എത്ര സീറ്റുകള്‍ കോണ്‍ഗ്രസ്സിനുണ്ട് എന്നതും നേതൃത്വം പരിശോധിക്കുന്നത് നല്ലതാണ്.

പുതുപ്പള്ളി ഒഴികെ അങ്ങനെ അവകാശപ്പെടാന്‍ മറ്റൊരു സീറ്റുകളും കോണ്‍ഗ്രസ്സിനില്ല. എന്നാല്‍, സി.പി.എമ്മിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥിതി അതല്ല. ഒറ്റക്ക് നിന്നാലും വിജയിക്കാവുന്ന ശക്തി ഈ പാര്‍ട്ടികള്‍ക്ക് പല മണ്ഡലങ്ങളിലുമുണ്ട്. ഇതില്‍ കൂടുതല്‍ സാധ്യത സി.പി.എമ്മിനാണുള്ളത്. ഇടതുപക്ഷത്ത് സി.പി.എം കഴിഞ്ഞാല്‍ ചില ജില്ലകളിലെങ്കിലും ശക്തിയുള്ളത് പിന്നെ സി.പി.ഐക്കാണ്. എന്നാല്‍ മറ്റ് ഘടക കക്ഷികള്‍ക്ക് ശക്തി പേരിന് മാത്രമാണുള്ളത്. സി.പി.എമ്മിന്റെ ശക്തിയാണ് ഇടതുപക്ഷത്തിന്റെ അടിത്തറ.ഈ സഖ്യത്തിലേക്ക് കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം കൂടിവന്നാല്‍ കരുത്ത് വലിയ തോതില്‍ വര്‍ധിക്കും. ഭരണ തുടര്‍ച്ചക്കും സാധ്യത ഏറെയാണ്. കോട്ടയം, ഇടുക്കി, പത്തനം തിട്ട ജില്ലകളില്‍ ജോസ് വിഭാഗം കേരള കോണ്‍ഗ്രസ്സ് വലിയ ശക്തിയാണുള്ളത്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യു.ഡി.എഫ് കോട്ടകളെ തകര്‍ക്കാനും ജോസ് വിഭാഗത്തിന് ശക്തിയുണ്ട്. വിനാശകാലേ വിപരീത ബുദ്ധി എന്ന് യു.ഡി.എഫ് അണികള്‍ തന്നെ നേതൃത്വത്തോട് പറയുന്നതും അതുകൊണ്ട് തന്നെയാണ്.

Top