എൽദോസ് കുന്നപ്പിള്ളിക്കെതിരെ യു.ഡി.എഫിലും നീക്കങ്ങൾ !

ലാത്സംഗക്കേസിൽ പ്രതിയായതോടെ, എൽദോസ് കുന്നപ്പിള്ളിക്കെതിരെ യു.ഡി.എഫ് ചേരിയിലും പ്രതിഷേധം ശക്തമാകുന്നു. എം.എൽ.എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആദ്യം ആവശ്യപ്പെട്ടിരിക്കുന്നത്. വടകരയിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ആർ.എം.പി നേതാവ് കെ.കെ രമയാണ്. ആർ.എസ്.പി ഉൾപ്പെടെയുള്ള മറ്റു ഘടക കക്ഷികൾക്കും മുസ്ലീംലീഗിലെ മുനീർ വിഭാഗത്തിനും സമാനമായ നിലപാടാണ് ഉള്ളത്. സ്വന്തം പാർട്ടി എം.എൽ.എ ആണെങ്കിലും, കോൺഗ്രസ്സിലെ പ്രമുഖ എം.എൽ.എമാരും ഇതേ നിലപാടിലാണുള്ളത്. അവരാരും തൽക്കാലം പരസ്യമായി ഈ ആവശ്യം ഉന്നയിച്ചിട്ടില്ലന്നു മാത്രം.

എന്നാൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കേസുൾപ്പെടെ ചാർജ് ചെയ്ത സ്ഥിതിക്ക്, യു ഡി.എഫ് നേതൃത്വത്തിനും കോൺഗ്രസ്സ് നേതൃത്വത്തിനും ഇക്കാര്യത്തിൽ ഉടനെ തന്നെ നിലപാട് സ്വീകരിക്കേണ്ടിവരും. എൽദോസ് എം.എൽ.എ സ്ഥാനം രാജിവച്ചാൽ, ആ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എറണാകുളത്തെ ചില നേതാക്കൾ, ഇപ്പോൾ തന്നെ അണിയറയിൽ സജീവമാണ്. പാർട്ടി നടപടി മാത്രമായി ഒതുക്കരുതെന്നും എം.എൽ.എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമാണ് ഇവരുടെയും ആവശ്യം. തീരുമാനം നീണ്ടാൽ, കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്.

യു.ഡി.എഫ് എം.പിമാരിൽ ചിലരും, എൽദോസ് കുന്നപ്പിള്ളി രാജി വച്ച് അന്വേഷണത്തെ നേരിടുന്നതാണ് നല്ലതെന്ന അഭിപ്രായം കോൺഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യത്തെ ശക്തമായി എതിർക്കുന്ന ഒരു വിഭാഗവും കോൺഗ്രസ്സിൽ തന്നെയുണ്ട്. എൽദോസ് കുന്നപ്പിള്ളി രാജിവച്ചാൽ, സോളാർ കേസിലെ സരിത നായർ നൽകിയ പരാതിയിൽ പ്രതിയായ ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും, എ.പി അനിൽകുമാറും, അടൂർ പ്രകാശും എല്ലാം പദവികൾ രാജിവയ്‌ക്കേണ്ടി വരില്ലേ എന്നതാണ്, ഈ വിഭാഗം ഉയർത്തുന്ന ചോദ്യം. ഇവർക്കെതിരെയും ബലാത്സംഗക്കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നത്.

ഇത്തരം വാദങ്ങൾ കോൺഗ്രസ്സ് ഉയർത്തിയാൽ, പൊതു സമൂഹത്തിനിടയിൽ യു.ഡി.എഫ് കൂടുതൽ അപഹാസ്യരാവുമെന്നാണ്, രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. രണ്ട് കേസുകളെയും രണ്ടായി തന്നെ കാണണമെന്നതാണ് ഇവരുടെ നിലപാട്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിനാസ്പദമായ സംഭവം നടന്നത് അടുത്തയിടെയാണ് എന്നതും, പരാതിക്കാരിയുടെ കൈവശമുള്ള തെളിവുകളും, ആക്രമിക്കുന്നത് കണ്ട സാക്ഷികളുമെല്ലാം, പെരുമ്പാവൂർ എം.എൽ.എക്ക് എതിരാണ്. സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ചില ബലാത്സംഗ കേസുകളി kunnൽ പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യം, ഈ കേസിൽ ഉണ്ടാവാൻ സാധ്യതയില്ലന്നാണ്, നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ പൊലീസും അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.നിലവിൽ എം.എൽ.എ ഒളിവിലാണ് ഉള്ളത്. യു.ഡി.എഫിന് ഒപ്പം നിൽക്കുന്ന എം.എൽ.എമാർ പോലും എൽദോസ് കുന്നപ്പിള്ളി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക്, യു.ഡി.എഫിനും ഇക്കാര്യത്തിൽ ഉടൻ ഒരു തീരുമാനം എടുക്കേണ്ടി വരും. പെരുമ്പാവൂരിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായാൽ, മണ്ഡലം കൈവിട്ടു പോകുമോ എന്നതാണ്, കെ.പി.സി.സി നേതൃത്വത്തിന്റെ ഭയം. ഇതു തന്നെയാണ്, തീരുമാനം വൈകാനും കാരണമായിരിക്കുന്നത്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് എൽദോസ് കുന്നപ്പിള്ളി അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ലെന്നും, എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് ചെയ്യേണ്ടതെന്നമാണ് കെ.കെ രമ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. എതിരാളികളിൽപെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും, തങ്ങളിൽപെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയല്ലന്നും അവർ തുറന്നടിക്കുകയുണ്ടായി. കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും രമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ്സ് നേതൃത്ത്വത്തോടുള്ള പ്രതികരണമായാണ് ഈ പ്രസ്താവനയെ നിലവിൽ വിലയിരുത്തപ്പെടുന്നത്. സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ടെന്നു കൂടി പറഞ്ഞാണ് അവർ തൻ്റെ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.

Top