ബി.ജെ.പിയുടേത് തരംതാണ രാഷ്ട്രീയക്കളികള്‍ മാത്രമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: ബി.ജെ.പിയുടേത് ഹിന്ദുത്വ ആശയമല്ലെന്നും തരംതാണ രാഷ്ട്രീയക്കളികള്‍ മാത്രമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ ബദല്‍ മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ നീക്കങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഉദ്ധവിനേയും എന്‍.സി.പി നേതാവ് ശരത് പവാറിനേയും കാണാനായി മുംബൈയിലെത്തിയ ചന്ദ്രശേഖര റാവു ചര്‍ച്ചകള്‍ തുടരുമെന്ന് വ്യക്തമാക്കി.

”ഹിന്ദുത്വ എന്നാല്‍ അക്രമമോ പ്രതികാരമോ അല്ല. കാര്യങ്ങള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയെന്താണ്?”ഉദ്ധവ് താക്കറെ ചോദിച്ചു.

ദീര്‍ഘകാലമായി ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ശിവസേന 2018ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തില്‍ ചേര്‍ന്നത്. മതേതര കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന ശിവസേന ഹിന്ദുത്വ ആശയങ്ങള്‍ ഉപേക്ഷിച്ചെന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ”കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ കാണാനില്ല. ഈ രാഷ്ട്രീയം മുന്നോട്ടുപോവില്ല. അതുകൊണ്ട് ഞങ്ങള്‍ ഒരു പുതിയ തുടക്കം കുറിയ്ക്കുകയാണ്”ഉദ്ധവ് വ്യക്തമാക്കി.

Top