താക്കറെ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടോ? 3 ദിവസമായി വകുപ്പില്ലാതെ 36 മന്ത്രിമാര്‍

ഹാരാഷ്ട്ര വികാസ് അഗഡി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം കഴിഞ്ഞിട്ട് മൂന്ന് ദിവസമായി. എന്നാല്‍ ഇപ്പോഴും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരില്‍ 36 പേര്‍ക്കും ഏത് വകുപ്പ് നല്‍കുമെന്ന് തീരുമാനിക്കാന്‍ കഴിയാതെ അങ്കലാപ്പിലാണ് ത്രികക്ഷി സര്‍ക്കാര്‍. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരടങ്ങിയ സഖ്യത്തില്‍ വകുപ്പ് തീരുമാനിക്കുന്നതില്‍ വടംവലി നടക്കുന്നതാണ് ഇതിന് കാരണം.

ശിവസേനയ്ക്കുള്ളില്‍ വമ്പിച്ച എതിര്‍പ്പുകളും, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയിലും സ്വന്തം വകുപ്പ് തീരുമാനിക്കുന്നതിന്റെ ഉള്‍പ്പോര് കുറവല്ല. ഇതിന് പുറമെ മറ്റ് പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന വകുപ്പിന് അവകാശവാദം കൂടി ഉന്നയിക്കുന്നതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

എന്നാല്‍ മുന്‍പ് ഇത്തരം പോരാട്ടങ്ങള്‍ അരങ്ങേറിയെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒത്തുതീര്‍പ്പില്‍ എത്താന്‍ ത്രികക്ഷി അംഗങ്ങള്‍ക്ക് സാധിച്ചിരുന്നു. നവംബര്‍ 28ന് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരം ഏറ്റിരുന്നെങ്കിലും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത വിവിധ പാര്‍ട്ടികളിലെ ആറ് മന്ത്രിമാര്‍ക്ക് ഡിസംബര്‍ 12നാണ് വകുപ്പുകള്‍ പങ്കിട്ട് നല്‍കിയത്.

ബിജെപിക്കൊപ്പം കൂട്ടുകൂടിയ ശേഷം മടങ്ങിയെത്തിയ എന്‍സിപി നേതാവും, ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ആഭ്യന്തരം, റവന്യൂ വകുപ്പുകള്‍ക്കായി ശക്തമായ വടംവലി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇത് ശിവസേനാ നേതാവ് ഏകനാഥ് ഷിന്‍ഡെയുടെയും, കോണ്‍ഗ്രസ് മഹാരാഷ്ട്ര മേധാവി ബാലാസാഹെബ് തൊറാട്ടിന്റെയും പക്കലാണ്. ഇതോടെ അജിത് പവാറിന് ധനകാര്യം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് കരുതുന്നത്.

പുതിയ മന്ത്രിമാരില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാനുമുണ്ട്. തൊറാട്ട് കൈയടക്കിയ റവന്യു തന്നെയാണ് ചവാന്റെ നോട്ടം. സ്വന്തം പാര്‍ട്ടിക്കുള്ളിലെ വടംവലികള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയാല്‍ താക്കറെ സര്‍ക്കാരിന് ആയുസ്സ് കുറയും.

Top