ജാമിയ പോലീസ് നടപടി ജാലിയന്‍വാലാ ബാഗ് ആക്കിയ ശിവസേന സമ്പൂര്‍ണ്ണ കണ്‍ഫ്യൂഷനില്‍!

ല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് സ്വീകരിച്ച നടപടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുമായി ഉപമിച്ചത് പുതിയ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും, എന്‍സിപിയെയും വരെ അമ്പരപ്പിച്ചിരുന്നു. ഹിന്ദുത്വമാണ് നയമെന്ന് പറഞ്ഞതിന് പിന്നാലെ താക്കറെ നടത്തിയ പ്രസ്താവനയെ ബിജെപി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പേര് സോണിയാ സേന എന്നാക്കി മാറ്റാനാണ് അവര്‍ ഉപദേശിച്ചത്. മഹാരാഷ്ട്രയില്‍ ഭരണം പിടിച്ച ശിവസേന സമ്പൂര്‍ണ്ണ കണ്‍ഫ്യൂഷനിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. നവംബര്‍ 28ന് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം പല വിഷയങ്ങളിലും ഈ നിലപാട് ആവര്‍ത്തിച്ചു.

ലോക്‌സഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ വോട്ട് ചെയ്യാതെ വിട്ടുനിന്നു. രാഷ്ട്രപതിയെ കാണാന്‍ പോയ പ്രതിപക്ഷ സംഘത്തിലും സേന ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധി വീര്‍ സവര്‍ക്കറിനെ അധിക്ഷേപിച്ചപ്പോള്‍ തിരിച്ചടിച്ച സേനയ്ക്ക് പൗരത്വ ബില്ലില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ബ്രിട്ടീഷ് ഭരണത്തിലെ കൂട്ടക്കൊലയായി അനുഭവപ്പെടുകയും ചെയ്തു.

എന്നാല്‍ തങ്ങള്‍ക്ക് യാതൊരു കണ്‍ഫ്യൂഷനും ഇല്ലെന്നാണ് ശിവസേന എംപി സഞ്ജയ് റൗത്തിന്റെ നിലപാട്. മഹാരാഷ്ട്ര സര്‍ക്കാരില്‍ ജനങ്ങളും, നേതാക്കളും സന്തുഷ്ടരാണ്. ബിജെപിക്ക് ഒപ്പം നിന്നപ്പോള്‍ ഇല്ലാതിരുന്ന സ്വാതന്ത്ര്യം ഇപ്പോള്‍ ലഭിക്കുന്നു, റൗത്ത് അവകാശപ്പെട്ടു. പക്ഷെ റൗത്തിന്റെ പാര്‍ട്ടിക്ക് മുന്‍പ് പറഞ്ഞത് മാറ്റി പറയുമ്പോഴുള്ള വീര്‍പ്പുമുട്ടലാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ വഴി പുറത്തുവരുന്നത്.

Top