മതേതരത്വം പറഞ്ഞ് 2-ാം ദിവസം ഹിന്ദുത്വം ഉപേക്ഷിക്കില്ലെന്ന് ശിവസേന

എന്‍സിപി, കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഒപ്പം സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഇതിന്റെ പേരില്‍ ഹിന്ദുത്വ ആശയങ്ങളില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ശിവസേന. ഹിന്ദുത്വം എന്ന ആശയത്തില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്, അതിനെ ഒരിക്കലും ഉപേക്ഷിക്കില്ല, ഉദ്ധവ് താക്കറെ നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയ അധികാരത്തിനായി മതേതരത്വം സ്വീകരിക്കുമെന്ന് പറഞ്ഞ് രണ്ടാം ദിനമാണ് ശിവസേന നിലപാട് മാറ്റിയത്.

ശിവസേനയുടെ നേതൃത്വം നല്‍കുന്നതായി പേരിന് പറയാവുന്ന മഹാ വികാസ് അഘാഡിയുടെ ഭാഗമായി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും, ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ക്കൊപ്പം സംയുക്തമായ ചര്‍ച്ചകളില്‍ നിലപാട് സ്വീകരിക്കുമെന്നും നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു.

കോമണ്‍ മിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന് ഉപയോഗിക്കുന്നതില്‍ ശിവസേന ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് ഉള്‍പ്പെടുത്തിയാണ് അവസാനം സിഎംപി പുറത്തുവിട്ടത്. കോമണ്‍ മിനിമം പ്രോഗ്രാമില്‍ മതേതരത്വം വേണ്ടെന്ന് ശിവസേന കോണ്‍ഗ്രസിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ത്രികക്ഷി കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിന് ആമുഖം നല്‍കുന്ന സിഎംപിയില്‍ മതേതരത്വം ചേര്‍ന്നാണ് ഈ അസ്വാഭാവിക കൂട്ടുകെട്ടിന്റെ മുഖം സംരക്ഷിക്കാന്‍ കഴിയൂവെന്ന തിരിച്ചറിവിലാണ് ഈ നീക്കം.

എന്നാല്‍ തങ്ങളുടെ ഹിന്ദുത്വ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നാണ് ഇപ്പോള്‍ ശിവസേന വ്യക്തമാക്കുന്നത്. രണ്ട് തരത്തിലുമുള്ള നിലപാടുകളില്‍ ചവിട്ടിനിന്ന് എത്ര നാള്‍ വഞ്ചി തുഴയാന്‍ കഴിയുമെന്നാണ് സംശയം ഉയരുന്നത്.

Top