മഹാരാഷ്ട്ര രാഷ്ട്രീയം ഐപിഎൽ പോലെയാണെന്ന് ഉദ്ധവ് താക്കറെ

ന്യൂഡൽഹി : മഹാരാഷ്ട്ര രാഷ്ട്രീയം ഐപിഎൽ പോലെയാണെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ആര് ഏത് ടീമിനൊപ്പമാണ് നിൽക്കുന്നതെന്ന് ജനങ്ങൾക്കറിയില്ല. ജനങ്ങളുടെ അവസ്ഥ എന്താണെന്നു സർക്കാർ ചിന്തിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ‘‘മഹാരാഷ്ട്രയില്‍ ഇപ്പോഴുള്ളത് തരംതാഴ്ന്ന രാഷ്ട്രീയമാണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാർ തയാറാകുന്നില്ല. വിവിധ പദ്ധതികളുമായി സർക്കാർ നിങ്ങളുടെ പടിവാതിൽക്കലുണ്ട്. പക്ഷേ, ജനങ്ങളുടെ വീടിനകത്തെ അവസ്ഥ എന്താണ്? സർക്കാർ യാതൊരു പരിഗണനയും അതിനു നൽകുന്നില്ല’’– ഉദ്ധവ് താക്കറെ പറഞ്ഞു.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന ചരടുവലിയാണ് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിൽ എത്തിച്ചത്. ബിജെപിയുമായി സഹകരിച്ച് ഷിൻഡെ നിലവിലെ സർക്കാർ രൂപീകരിച്ചു. ശിവസേനയുടെ പേരും ചിഹ്നവും സ്വന്തമാക്കുകയും ചെയ്തു. ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി പിളർന്ന് അജിത് പവാര്‍ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സർക്കാരിനൊപ്പം ചേർന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി.

എൻസിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. അദ്ദേഹം അന്നു പറഞ്ഞ വാക്കിൽനിന്ന് വ്യതിചലിച്ചു. ഇതിനെതിരെയും താക്കറെ വിമർശനം ഉന്നയിച്ചിരുന്നു. ഫഡ്നാവിസ് കളങ്കിതാനാണെന്നായിരു്ന്നു താക്കറെ പറഞ്ഞത്. എന്നാൽ ഈ പരാമർശം ശരിയല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആരോപണങ്ങൾ ഇത്രയും തരംതാഴ്ന്ന രീതിയിൽ ഉപയോഗിക്കുന്നത് മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്കാരത്തിനു ചേർന്നതല്ലെന്നും ഗഡ്കരി വ്യക്തമാക്കി.

‘‘ഞാൻ പ്രയോഗിച്ച വാക്കിൽ ബിജെപി നേതാക്കൾ അസ്വസ്ഥരാണ്. അവർ കുടുംബങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. ഞാൻ അവർക്കു കണ്ണാടിയാകുന്നു. ഞാൻ കളങ്കിതൻ എന്ന പദം മാത്രമാണ് പ്രയോഗിച്ചത്. ഈ വാക്കിൽ അവരെന്തിനാണ് ഇത്രയും അസ്വസ്ഥരാകുന്നതെന്നു മനസ്സിലാകുന്നില്ല’’– ഉദ്ധവ് താക്കറെ പറഞ്ഞു.

Top