മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ : മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡിസംബര്‍ 3ന് മുന്‍പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം.

മഹാ വികാസ് അഗാഡിയിലെ സഖ്യകക്ഷികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗ്ഗന്‍ ഭുജ്ബാല്‍, കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തൊറാത്ത്, നിതിന്‍ റാവുത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, എം.എന്‍.എസ് നേതാവ് രാജ് താക്കറെ, ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിന്‍, ടി.ആര്‍. ബാലു, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റിലയന്‍സ് ഗ്രൂപ് മേധാവി മുകേഷ് അംബാനി കുടുംബസമേതം ചടങ്ങിനെത്തി. ചടങ്ങിൽ ആയിരക്കണക്കിനുപേരാണ് പങ്കെടുത്തത്.

Top