ജാമിയയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ ശിവസേന പിന്തുണയ്ക്കുമോ? ചോദ്യവുമായി ഫഡ്‌നാവിസ്

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് അതിക്രമത്തെ ജാലിയന്‍വാലാ ബാഗുമായി ഉപമിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. രാജ്യത്തിനായി രക്തസാക്ഷികളായവരെ അപമാനിക്കലാണ് താക്കറെയുടെ പ്രസ്താവനയെന്ന് ഫഡ്‌നാവിസ് വിശേഷിപ്പിച്ചു.

‘രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരെ അപമാനിക്കുകയാണ് ജാമിയ സംഭവത്തെ ജാലിയന്‍വാലാ ബാഗുമായി ഉപമിച്ച ഉദ്ധവ് താക്കറെയുടെ പ്രസ്താവന. ഉദ്ധവ് താക്കറെ രാജ്യത്തെ ജനങ്ങളോടും, മഹാരാഷ്ട്രക്കാരോടും മറുപടി പറയണം. ജാമിയയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം’, ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

ജാമിയ മിലിയ ഇസ്ലാമിയ ക്യാംപസിലെ പോലീസ് നടപടിയെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുമായാണ് ഉദ്ധവ് താക്കറെ ഉപമിച്ചത്. യുവാക്കളുടെ ശക്തി ബോംബ് പോലെയാണെന്നും അതിന് തീകൊളുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സഖ്യകക്ഷിയായിരുന്ന ശിവസേന മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ പേരില്‍ ഉടക്കിയാണ് പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം കൂട്ടുകൂടിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ടെങ്കിലും ഫലങ്ങള്‍ വന്നതിന് ശേഷം മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. ബിജെപിയുമായി വഴിപിരിഞ്ഞ താക്കറെ പ്രതിപക്ഷത്ത് ഇരുന്ന എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുമായി സഖ്യം രൂപീകരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിച്ചത്.

Top