ആരോപണങ്ങളുമായി ഗവര്‍ണറെ കാണാനെത്തുന്ന ബിജെപി നേതാക്കളെ പരിഹസിച്ച് ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിലുള്ള സര്‍ക്കാറിനെതിരെ നിരന്തരം ആരോപണങ്ങളുമായി ഗവര്‍ണറെ കാണാനെത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ എന്തായാലും മൂന്ന് ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ട രാജ്ഭവനില്‍ എപ്പോഴും തണുത്ത കാറ്റായിരിക്കുമെന്നും ഇതിനാലാണ് ഏതാണ്ട് ദിനേനയെന്നോണം ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ പോകുന്നതെന്നുമായിരുന്നു താക്കറെയുടെ പരിഹാസം.

തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയായിരുന്നു രാജ്ഭവന്‍ സന്ദര്‍ശിക്കുമായിരുന്നത്. ദിവസവും പോവാറുണ്ടായിരുന്നില്ല. തങ്ങള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് മടങ്ങുമായിരുന്നെന്ന് താക്കറെ പറഞ്ഞു. മൂന്ന് ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ട രാജ്യത്തെ ഏറ്റവും മനോഹരമായ രാജ്ഭവനാണ് മഹാരാഷ്ട്രയിലേതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തിലായിരുന്നു താക്കറെ പ്രതിപക്ഷത്തെ പരിഹസിച്ചത്. രാജ്ഭവനിലെ പുതുക്കിപ്പണിത ദര്‍ബാര്‍ ഹാള്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍, തന്റെ കാലത്ത് രാജ്ഭവനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന വച്ച് ലോക്ഭവനാക്കാനാണ് ശ്രമിച്ചതെന്ന് ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരി പറഞ്ഞു.

Top