ഉദ്ധവ് താക്കറെ സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പ്പന്നം; കങ്കണ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ‘സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പന്ന’മാണ് ഉദ്ധവ് താക്കറെയെന്ന് കങ്കണ പറഞ്ഞു. കങ്കണയുടെ പാക് അധീന കശ്മീര്‍ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഉദ്ധവ് നടത്തിയ വിമര്‍ശനത്തിന് മറുപടിയായാണ് കങ്കണയുടെ പ്രതികരണം.

‘സഞ്ജയ് റൗട്ട് എന്നെ വിളിച്ചത് ‘ഹരാംഖോര്‍’ എന്നാണ്. ഇപ്പോള്‍ ഉദ്ധവ് താക്കറെ ഒറ്റുകാരിയെന്ന് വിളിക്കുന്നു. എന്റെ സംസ്ഥാനത്ത് ജീവിക്കാന്‍ വകയില്ലാത്തതു കൊണ്ടാണ് ഞാന്‍ മുംബൈയില്‍ വന്നതെന്നാണ് ഉദ്ധവ് പറയുന്നത്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. നിങ്ങളുടെ മകന്റെ പ്രായമുള്ള ആളാണ് ഞാന്‍. സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നുവന്ന എന്നേപ്പൊലൊരു സ്ത്രീയോട് നിങ്ങള്‍ക്കെങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു. മുഖ്യമന്ത്രീ, സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പന്നമാണ് നിങ്ങള്‍’, കങ്കണ ട്വീറ്റില്‍ പറഞ്ഞു.

‘നിങ്ങളേപ്പോലെ ഞാന്‍ എന്റെ പിതാവിന്റെ സമ്പത്തോ അധികാരമോ ഉപയോഗിച്ചല്ല ജീവിക്കുന്നത്. സ്വജനപക്ഷപാതത്തിന്റെ ഉത്പന്നമാവണമായിരുന്നെങ്കില്‍ എനിക്ക് ഹിമാചലില്‍ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. അറിയപ്പെടുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എനിക്ക് എന്റെ കുടുംബത്തിന്റെ സമ്പത്തോ ഔദാര്യമോ ആവശ്യമില്ല. ചിലര്‍ക്ക് ആത്മാഭിമാനവും സ്വന്തം മൂല്യവും ഉണ്ടായിരിക്കും’, കങ്കണ പറഞ്ഞു.

Top