ഉദ്ധവ് താക്കറെയുടെ സിഎഎ പ്രേമം; മഹാരാഷ്ട്രയില്‍ സഖ്യം ഇളകുമോ?

വിവാദമായ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെ ആളുകള്‍ ഭയപ്പെടാന്‍ യാതൊരു കാരണവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൂടാതെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നിര്‍ത്തിവെയ്ക്കാനും തനിക്ക് ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രം തയ്യാര്‍ ചെയ്യുന്ന എന്‍പിആര്‍ അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും താക്കറെ പറഞ്ഞു.

എല്‍ഗര്‍ പരിഷദ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ ഉദ്ധവ് താക്കറെയുടെ നിലപാടില്‍ എന്‍സിപി നേതാവ് ശരത് പവാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ നിലപാടിന് വിരുദ്ധമായി സിഎഎ, എന്‍പിആര്‍ വിഷയങ്ങളില്‍ അദ്ദേഹം പ്രഖ്യാപനം നടത്തിയത്. പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററും രണ്ട് വിഷയങ്ങളാണെന്ന് താക്കറെ വ്യക്തമാക്കി.

‘സിഎഎ, എന്‍ആര്‍സി എന്നിവ രണ്ട് വിഷയങ്ങളാണ്. എന്‍പിആര്‍ മൂന്നാമത്തെ വിഷയവും. ആരും സിഎഎയെ ഭയപ്പെടേണ്ട കാര്യമില്ല. എന്‍പിആര്‍ ഒരു സെന്‍സസ് മാത്രമാണ്, ഇതിലെ അപേക്ഷയിലെ കോളങ്ങള്‍ ഞാന്‍ പരിശോധിക്കും. ഇതില്‍ യാതൊരു പ്രശ്‌നത്തിനും സാധ്യതയില്ല. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സെന്‍സസ് നടത്താറുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

‘എന്‍ആര്‍സി ഇതുവരെ നടന്നിട്ടില്ല, ഇനി നടക്കാനും പോകുന്നില്ല. എന്‍ആര്‍സി നടത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്കും, ദളിത്, ആദിവാസി, മറ്റ് വിഭാഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ കേന്ദ്രം പ്രഖ്യാപനങ്ങളും നടത്തിയിട്ടില്ല’, ഉദ്ധവ് താക്കറെ പറഞ്ഞു.

ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ശിവസേന ഇതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ പുതിയ സഖ്യകക്ഷികളായ എന്‍സിപിയും, കോണ്‍ഗ്രസും പറഞ്ഞത് അനുസരിച്ച് സേന നിലപാട് മാറ്റി. ഈ നിലപാടാണ് ഉദ്ധവ് താക്കറെ വീണ്ടും തിരുത്തിയത്. ഇതോടെ എന്‍സിപിയും, കോണ്‍ഗ്രസുമായും ഒരു ഏറ്റുമുട്ടലിനാണ് കളമൊരുങ്ങുന്നത്.

Top