ബിജെപി കാണുന്നുണ്ടോ? മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയില്‍ 100 ദിവസം തികച്ച് ഉദ്ധവ് താക്കറെ

നിയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സുപ്രധാനമായ ദിനമാണ്. അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. സരയൂ നദിയില്‍ പ്രാര്‍ത്ഥനയും നടത്തും. ബിജെപിയെ തള്ളി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രി കസേരയില്‍ ഇരുപ്പുറപ്പിച്ച ഉദ്ധവ് താക്കറെ ഈ വിധം 100 ദിനങ്ങള്‍ ആഘോഷിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതപ്പെടേണ്ടത്.

മുഖ്യമന്ത്രി ആയ ശേഷം അയോധ്യയിലേക്കുള്ള ഉദ്ധവ് താക്കറെയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. നദിയുടെ തീരത്തുള്ള ആരതി കൊറോണാവൈറസ് ഭീഷണിയും, മെഡിക്കല്‍ ഉപദേശങ്ങളും മൂലം റദ്ദാക്കിയിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കാന്‍ ശിവസേനാ രാജ്യസഭാ എംപി സഞ്ജയ് റൗത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി.

പുതിയ മഹാരാഷ്ട്ര സര്‍ക്കാരിനെ നയിക്കുന്നതിന്റെ 100 ദിവസം തികയ്ക്കുന്നതിന്റെ ഭാഗമായി ഉദ്ധവ് അയോധ്യ സന്ദര്‍ശിക്കുമെന്ന് ജനുവരിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. 2019 നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചരിത്രപരമായ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ച സഞ്ജയ് റൗത്ത് ‘ചലോ അയോധ്യ’ എന്ന മുദ്രാവാക്യവും ഉയര്‍ത്തിയിട്ടുണ്ട്.

ജനുവരിയില്‍ അയോധ്യ സന്ദര്‍ശനം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും ക്ഷേത്രത്തില്‍ ഒരുമിച്ചെത്താന്‍ റൗത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ശിവസേനയുടെ നിലപാട്. ഇത് ഞങ്ങള്‍ക്ക് വിശ്വാസത്തിന്റെ വിഷയം മാത്രമാണ്, സഞ്ജയ് റൗത്ത് വ്യക്തമാക്കി.

Top