ക്ഷമയോടെ ഇരിക്കൂ പ്രതിയ്ക്ക് ഉടനടി ശിക്ഷ നല്‍കും; ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര: കോളേജ് അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് ഇരുപത്തഞ്ചുകാരിയായ അധ്യാപികയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.

”എല്ലാവരോടും ക്ഷമയോടെ ഇരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതിയ്ക്ക് ഉടനടി ശിക്ഷ നല്‍കും. സംഭവത്തില്‍ കര്‍ശന നടപടി എടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.” താക്കറെ പറഞ്ഞു. സംഭവം അതിവേഗ കോടതിയില്‍ തീര്‍പ്പാക്കാനാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. കൂടാതെ മരണപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളേജിലേക്ക് പോകുന്നവഴി അധ്യാപികയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാല്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ അധ്യാപിക നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്.

പ്രതി വികാസ് നഗ്രാലേ എന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ സൗഹൃദം അവസാനിപ്പിച്ചതിന് ശേഷം ഇയാള്‍ യുവതിയെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികളും സ്ത്രീകളുമുള്‍പ്പെടെയുള്ള പ്രദേശ വാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു.

Top