സന്യാസികളുടെ കൊലപാതകം; വര്‍ഗീയതയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗിയോട് ഉദ്ധവ്

ലക്‌നൌ: ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഇത്തരം നീചമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ യോഗി സര്‍ക്കാരിനൊപ്പം മഹാരാഷ്ട്രയുണ്ടാവുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. ബുലന്ദ്ഷഹറിലെ കൊലപാതകത്തില്‍ വര്‍ഗീയതയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉദ്ധവ് താക്കറെ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മോഷ്ടാവെന്ന് വിളിച്ചതില്‍ പ്രകോപിതനായ യുവാവ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയത്.
ജഗന്‍ദാസ്(55), സേവാദാസ് (35) എന്നീ രണ്ട് സന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലിക താമസ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പ് കൃത്യം നടത്തിയ ആള്‍ കള്ളനാണെന്ന് സന്യാസിമാര്‍ ആരോപിച്ചിരുന്നു.സന്യാസിമാരുടെ ചില സാധനങ്ങള്‍ ഇയാള്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ആരോപണം. ഇതില്‍ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൊലപാതകത്തില്‍ വര്‍ഗീയമായി യാതൊന്നുമില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top