സുശാന്തിന്റെ മരണം ആത്മഹത്യയെന്ന് ഉദ്ദവ് താക്കറെ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തന്റെ മകനടക്കമുള്ള മഹാരാഷ്ട്രക്കാരേയും മുംബൈ പൊലീസിനേയും അപമാനിക്കാനും കേസ് ഉപയോഗിച്ചെന്നും ഉദ്ദവ് ആഞ്ഞടിച്ചു.

ഒരാള്‍ ആത്മഹത്യ ചെയ്തു. അയാള്‍ ബിഹാറിന്റെ മകനായിരിക്കാം. പക്ഷേ അതിന്റെ പേരില്‍ മഹാരാഷ്ട്രയുടെ മക്കളെ വേട്ടയാടാമെന്നാണോ? ഈ കേസില്‍ തന്റെ മകന്‍ ആദിത്യ താക്കറെയെ പോലും വെറുതെ വിട്ടില്ലെന്നും ഉദ്ദവ് പറഞ്ഞു. റിയാ ചക്രബര്‍ത്തിയും ആദിത്യയും ചേര്‍ന്ന് സുശാന്തിനെ കൊന്നെന്ന് പലരും പ്രചരിപ്പിച്ചിരുന്നു.

നീതിക്കായി നിലവിളിക്കുന്നവര്‍ മുംബൈ പൊലീസിനെ ഉപയോഗ ശൂന്യരെന്ന് വിളിച്ചു. നഗരത്തെ പാക് അധീന കശ്മീര്‍ എന്ന് വിളിച്ചു. കഞ്ചാവ് ഉപയോഗം വ്യാപകമെന്ന് പ്രചരിപ്പിച്ചു. പക്ഷെ ഞങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങള്‍ നിങ്ങളുടെ സംസ്ഥാനത്താണ്. കങ്കണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ഹിമാചല്‍ പ്രദേശിനെ പരിഹസിച്ചു കൊണ്ട് ഉദ്ദവ് പറഞ്ഞു

മുംബൈ പൊലീസില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നഗരം പാക് അധീന കശ്മീര്‍ പോലെ ആയെങ്കില്‍ അതില്‍ പ്രധാനമന്ത്രിയും നാണിക്കണമെന്ന് ഉദ്ദവ് പറഞ്ഞു.

Top