എന്‍ഡിഎയില്‍ തര്‍ക്കം മുറുകുന്നു ; മഹാരാഷ്ട്രയില്‍ ഇന്ന് ബിജെപി നിയമസഭാ കക്ഷി യോഗം

മുംബൈ : മഹാരാഷ്ട്രയില്‍ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തിന് അമിത് ഷാ നേരിട്ടെത്തിയേക്കില്ല. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്ന എന്നിവര്‍ പകരം നിരീക്ഷകരായി എത്തും. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള ശിവസേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് യോഗത്തെ അറിയിക്കും.

ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് തരാതെ ഇനി ചര്‍ച്ച വേണ്ടെന്നാണ് ശിവസേന പറയുന്നത്. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.

ഇന്നലെ ശിവസേന ബിജെപി ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും രാവിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ലാഡ് ഉദ്ദവ് താക്കറെയെ മതോശ്രീയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ റദ്ദാക്കി. ഫഡ്‌നാവിസിന്റെ കടുത്ത നിലപാട് ഉദ്ദവിനെ കൂടിക്കാഴ്ചയില്‍ അറിയിച്ചു. അമിത് ഷാ ശിവസേനയ്ക്ക് ഉറപ്പൊന്നും നല്‍കിയില്ലെന്ന ഫഡ്‌നാവിസിന്റെ വാദം പച്ചക്കള്ളമെന്ന് പിന്നാലെ ശിവസേന നേതാക്കള്‍ തിരിച്ചടിച്ചിരുന്നു.

Top