ചരിത്രമെഴുതാന്‍ പുതുസഖ്യം : മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മുംബൈ : മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.45നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

ഇന്നലെ ആറുമണിക്കൂര്‍ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന നേതാക്കള്‍ ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. മൂന്ന് പാര്‍ട്ടികളില്‍നിന്നും രണ്ടുവീതം മന്ത്രിമാരാകും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

20 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രിയുണ്ടാകുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖമായ താക്കറെ കുടുംബത്തില്‍നിന്ന് അധികാരത്തിലെത്തുന്ന ആദ്യവ്യക്തിയാണ് ഉദ്ധവ്.

ബിജെപിക്ക് ഒപ്പം ചേര്‍ന്ന് വെറും 80 മണിക്കൂര്‍ ആയുസ്സുള്ള സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. മുംബൈയില്‍ വിവിധ പദവികള്‍ ആര്‍ക്കെല്ലാം നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാര്‍ ഉറച്ച നിലപാടെടുത്തിരുന്നു. തിരികെ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്ന് അജിത് പവാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തലവന്‍മാര്‍, നേതാക്കള്‍ തുടങ്ങി നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി , അരവിന്ദ് കേജ്‍രിവാള്‍ അടക്കമുള്ളവര്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാര്‍ക്കില്‍ 2000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

Top