കാവി രാഷ്ട്രീയത്തിന് ഇനി പുതിയ മുഖം, മഹാരാഷ്ട്രയിലേത് വിചിത്രമായ സഖ്യം !

ഹാരാഷ്ട്രയില്‍ ചരിത്രങ്ങള്‍ തിരുത്തി എഴുതപ്പെടുകയാണ്. സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസവോട്ടെടുപ്പ് നേരിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ച് ഒഴിഞ്ഞത് അത്തരമൊരു ചരിത്ര വഴിമാറലിനാണ്. മുംബൈയിലെ താക്കറെ കുടുംബത്തില്‍ നിന്നും ഒരാള്‍ ഇതാദ്യമായി മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെയ്ക്കുന്നു. ചരിത്രം തിരുത്തുന്നത് ശിവസേനാ സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ മകനും നിലവിലെ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയാണ്.

1966ല്‍ ഉദ്ധവിന്റെ പിതാവ് ബാല്‍ താക്കറെ രൂപീകരിച്ച പ്രാദേശിയ പാര്‍ട്ടി ആദ്യമായി കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ക്കുന്നു എന്നതും ആദ്യത്തെ സംഭവം തന്നെ. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിലേക്ക് മകന്‍ ആദിത്യ താക്കറെയെ ഇറക്കാനാണ് ശിവസേന ആദ്യം ശ്രമിച്ചത്. കസേര പങ്കിടുന്നതിന്റെ പേരില്‍ മൂന്ന് ദശകം നീണ്ട ബിജെപി സഖ്യവും വേര്‍പ്പെടുത്തിയാണ് തീവ്ര ഹിന്ദുത്വ നിലപാട് പങ്കുവെയ്ക്കുന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം കൂടുന്നത്.

162 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന മഹാ വികാസ് അഗഡിയെന്ന ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന കാര്യത്തില്‍ ഇനി തര്‍ക്കങ്ങളൊന്നും ബാക്കിയില്ല. ബിജെപി സെല്‍ഫ് ഗോള്‍ അടിച്ച് പിന്‍വാങ്ങിയതോടെ അതിവേഗത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ തന്നെയാണ് സഖ്യം ശ്രമിക്കുക.

ബോംബെ ഫ്രീ പ്രസ് ജേണലില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ 1960-ല്‍ പത്രം വിട്ട് സ്വന്തം രാഷ്ട്രീയ ആഴ്ചപ്പതിപ്പിന് തുടക്കമിട്ടു. മറാത്ത വാദം പറഞ്ഞിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന താക്കറെ ബോംബെയിലെ മറാത്തികള്‍ അല്ലാത്തവരുടെ സ്വാധീനത്തിനെതിരെ പ്രചരണം നടത്തി. ഒടുവില്‍ 1966ല്‍ മഹാരാഷ്ട്രക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശിവസേന രൂപീകരിക്കപ്പെട്ടു. മുംബൈയിലെ ചില മുസ്ലീം വിഭാഗങ്ങള്‍ക്ക് എതിരായി ശക്തമായി നിലകൊണ്ടാണ് ശിവസേന വളരുന്നത്.

ബാല്‍ താക്കറെയുടെ കാലഘട്ടത്തില്‍ സംസ്ഥാനത്തെ ഒരുവിധം എല്ലാ പാര്‍ട്ടികളുമായും താല്‍ക്കാലിക സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് ശിവസേന രാഷ്ട്രീയ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചത്. പാര്‍ട്ടിയില്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടാത്തതിനാല്‍ ഒരുവിധത്തിലുള്ള പദവികളും അദ്ദേഹം വഹിച്ചിരുന്നില്ല. മറാത്ത രാഷ്ട്രീയം പ്രഖ്യാപിത നയമായി നടപ്പാക്കിയ ശിവസേനയുടെ താക്കോല്‍സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയെ പരിഗണിച്ചതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂപപ്പെട്ടത്. 2003ല്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയി നിയമിക്കപ്പെട്ടത് മുതല്‍ പാര്‍ട്ടിയിലെ എതിരാളികളെ ഉദ്ധവ് പതിയെ ഒഴിവാക്കി.

ശക്തനായ നേതാവ് നാരായണ്‍ റാണെയെ പുറത്താക്കിയതിന് പിന്നാലെ താക്കറെയുടെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിച്ച ബന്ധു രാജ് താക്കറെയും 2006ല്‍ സേന വിട്ടു. ബാല്‍ താക്കറെയുടെ പ്രാസംഗിക വൈഭവവും, തീപ്പൊരിയും കൈമുതലായുള്ള രാജ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 2012ല്‍ ബാല്‍ താക്കറെയുടെ മരണത്തോടെ ശിവസേനയുടെ ഏകശബ്ദമായി ഉയര്‍ന്ന ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെയെ വളര്‍ത്തിക്കൊണ്ടുവരുന്നത് പിന്‍ഗാമിയായി തന്നെയാണ്. പിതാവിന്റെ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിക്ക് പക്ഷെ മഹാരാഷ്ട്രയിലെ ബിജെപിയുടെ വളര്‍ച്ച ഏറെ തലവേദന സൃഷ്ടിച്ചു.

പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മറാത്ത മണ്ണില്‍ വിജയിച്ചുകയറി. ഇതോടെ 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങിയതോടെ സേന, ബിജെപി കൂട്ടുകെട്ട് പിരിഞ്ഞു. രണ്ടായി മത്സരിച്ചപ്പോഴും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 230 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 122 സീറ്റ് ലഭിച്ചപ്പോള്‍ 282 സീറ്റില്‍ മത്സരിച്ച സേനയ്ക്ക് 63 സീറ്റാണ് ലഭിച്ചത്. ആ ഘട്ടത്തില്‍ ബിജെപിക്ക് പുറമെ നിന്ന് പിന്തുണ നല്‍കാന്‍ എന്‍സിപി തയ്യാറാകുകയും ചെയ്തു. യുപിഎയില്‍ നിന്നും വിട്ട് എന്‍സിപിയും, കോണ്‍ഗ്രസും ഒറ്റയ്ക്കാണ് അവിടെ മത്സരം നേരിട്ടത്.

ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി, സേന സഖ്യം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു. രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന കാര്യങ്ങളൊന്നും അപകടത്തില്‍ സംഭവിക്കുന്നതല്ല, അതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് പറഞ്ഞത് പോലെയാണ് 2019 നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും നടന്നത്. സീറ്റ് വിഭജന തര്‍ക്കത്തില്‍ തുടങ്ങിയ പോര് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മൂര്‍ച്ഛിച്ചു. മറാത്തവാദം പറഞ്ഞ് നടക്കുന്ന തങ്ങള്‍ക്ക് മുഖ്യമന്ത്രി കസേര ലഭിച്ചാല്‍ മാത്രമേ മറാത്തികള്‍ക്ക് എന്തെങ്കിലും ചെയ്ത് തുടര്‍ന്നുള്ള കാലം ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഉദ്ധവ് താക്കറെയ്ക്ക് വ്യക്തമായ ബോധ്യമുണ്ട്.

ആ ബോധ്യത്തില്‍ തന്നെയാണ് ബിജെപിയോട് തങ്ങളുടെ സഖ്യത്തിനായി വഴിമാറാന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്. ശിവസേന മറാത്താ വാദം കൂടുതല്‍ ശക്തമാക്കുന്ന നിലപാടുകള്‍ സ്വീകരിച്ചാല്‍ ഒപ്പം കൂടിയ എന്‍സിപിയും, കോണ്‍ഗ്രസും രാജ്യത്തോട് ന്യായീകരിക്കാന്‍ വിയര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഉദ്ധവിന്റെ നേതൃത്വത്തില്‍ ശിവസേന ഹിന്ദുത്വ വാദങ്ങളുടെ കടുപ്പം കുറയ്ക്കാന്‍ തന്നെയാണ് സാധ്യത. ട്വിസ്റ്റുകളുടെ പട്ടികയില്‍ അതുകൂടി ചേര്‍ക്കാം.

Staff Reporter

Top