സുപ്രധാന വകുപ്പുകള്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും! ഫഡ്നാവിസ് പ്രതിപക്ഷ നേതാവ്

മുംബൈ: മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ എന്‍സിപിക്ക് സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. 43-ല്‍ 16 മന്ത്രിമാര്‍ എന്‍സിപിയില്‍ നിന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കോണ്‍ഗ്രസിന് 12 ഉം ശിവസേനക്ക് 15 ഉം മന്ത്രിമാരുണ്ടാകും. ഇന്ന് നടന്ന നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും കോണ്‍ഗ്രസ് നേതാവാണ്. വോട്ടെടുപ്പില്‍ നിന്ന് ബിജെപി പിന്‍മാറിയതോടെയാണ് കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്‍സിപിക്ക് ആഭ്യന്തരം ലഭിക്കും. ശരത് പവാറിന്റെ അടുത്ത അനുയായി ആയ ജയന്ത് പാട്ടീലാകും ഈ വകുപ്പ് കൈകാര്യം ചെയ്യുക. നേരത്തെയുള്ള എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരില്‍ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയമുണ്ട്. നേരത്തെ ബിജെപി പാളയത്തിലേക്ക് പോയി ഉപമുഖ്യമന്ത്രിയായെങ്കിലും പിന്നീട് മടങ്ങി എത്തിയ ശരത് പവാറിന്റെ സഹോദര പുത്രന്‍ അജിത് പവാറിന്റെ പേരാണ് വീണ്ടും ഉപമുഖ്യന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

അതേസമയം റവന്യൂ വകുപ്പ് മിക്കവാറും കോണ്‍ഗ്രസിന് നല്‍കാനാണ് സാധ്യത. ബാലാസാഹെബ് തെറാട്ടോ മുന്‍ മുഖ്യമന്ത്രി അശോക് ചവാനോ ഈ വകുപ്പ് കൈകാര്യം ചെയ്യും. വ്യവസായവും ധനകാര്യവുമടക്കം ശിവസേന കൈകാര്യം ചെയ്തേക്കും. അതിനിടെ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.

Top