കമൽഹാസന്റെ പാർട്ടിയുമായി സഖ്യം വേണോയെന്ന് തിരഞ്ഞെടുപ്പിനു മുൻപ് തീരുമാനിക്കുമെന്ന് ഉദയനിധി

ചെന്നൈ : നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയുമായി സഖ്യം രൂപീകരിക്കണമോയെന്ന് തിരഞ്ഞെടുപ്പു സമയത്ത് തീരുമാനിക്കുമെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തിനെതിരായ വിവാദ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽഹാസൻ രംഗത്തെത്തിയിരുന്നു. സനാതനത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ ഒരു കൊച്ചുകുട്ടി (ഉദയനിധി) ആക്രമിക്കപ്പെടുകയാണെന്ന് കമൻഹാസൻ ചൂണ്ടിക്കാട്ടിയിരുന്നു.

സനാതന ധർമത്തിനെതിരായ പരാമർശത്തിൽ സുപ്രീം കോടതിയുടെ നോട്ടിസ് സംബന്ധിച്ച ചോദ്യത്തിന്, ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ കണ്ടുവെന്നും വിശദീകരണം ആവശ്യപ്പെട്ട് ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ വിശ്വാസമുണ്ടെന്നും നോട്ടിസ് ലഭിച്ചാലുടൻ ഉചിതമായ വിശദീകരണം നൽകുമെന്നും ഉദയനിധി വ്യക്തമാക്കി.

സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിൽ തമിഴ്‌നാട് സർക്കാരിനും ഉദയനിധി സ്റ്റാലിനും സുപ്രീം കോടതി വെള്ളിയാഴ്ച നോട്ടിസ് അയച്ചിരുന്നു. സെപ്റ്റംബർ 2ന് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി പറഞ്ഞത്. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.

Top