യുവതിയുടെ കൊലപാതകം; പ്രതിയെ കുടുക്കിയത് ദൃശ്യം മോഡലില്‍ പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമം

കൊച്ചി: ചേര്‍ത്തല സ്വദേശിനി വിദ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പ്രേംകുമാറിനെ കുടുക്കിയത് ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. കൊലപാതകത്തിന് ശേഷം വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്‌സ്പ്രസിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഫോണ്‍ സിഗ്‌നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം.

വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ്‌ പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തിരുന്നു.

ഇവരുടെ മകള്‍ ഗോവയില്‍ പഠിക്കുന്നതിനാല്‍ ഭാര്യ അവിടേയ്ക്കു പോയിട്ടുണ്ടാകാമെന്ന മട്ടില്‍ പ്രേംകുമാര്‍ പ്രചാരണവും നടത്തിയതും ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രേംകുമാര്‍ വാടകവീട് ഒഴിഞ്ഞതുമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രേംകുമാറും കാമുകി സുനിത ബേബിയും പൊലീസ് പിടിയിലാകുന്നത്. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെയാണ്‌ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് മുതലാണ് പ്രേംകുമാറും വിദ്യയും ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും ഏതാനും മാസങ്ങള്‍ക്കു മുന്‍പു നടന്ന റീയൂണിയനിലാണ് വീണ്ടും ബന്ധം പുതുക്കിയത്. പിന്നീട് നിരന്തരം ഫോണ്‍ സന്ദേശങ്ങള്‍ കൈമാറിയ ഇരുവരും അടുക്കുകയായിരുന്നു. സുനിതയുമായുള്ള ബന്ധത്തെത്തുടര്‍ന്നു പ്രേംകുമാറും വിദ്യയും നിരന്തരം കലഹിച്ചിരുന്നു. തുടര്‍ന്നു വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഇരുവരും ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് വിദ്യയെ തിരുവനന്തപുരത്തെത്തിച്ചത്.

സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയില്‍ തമിഴ്നാട് പൊലീസ് കണ്ടെത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശത്തു തന്നെ മറവു ചെയ്തു. ഇത് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ വിശദമായ വിവരങ്ങള്‍ അറിയാനാകൂ. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Top