കൊലയാളി കാക്കിയിട്ടവനായിട്ടും കരുണ കാട്ടാതെ ‘നേരറിയിച്ചു’ മലയാളി സി.ബി.ഐ !

cbi

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടി കൊലക്കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കുരുക്കിയത് മലയാളികളായ മൂന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍. ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഈ മൂവര്‍ സംഘം നടത്തിയ ഇടപെടലുകളാണ് പ്രതികളെ വധശിക്ഷയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

ഈ കേസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മേല്‍ പാതി വിചാരണ പൂര്‍ത്തിയായ ശേഷമാണ് സിബിഐ കേസ് ഏറ്റെടുക്കന്നതെന്നതാണ്. ഉദയകുമാര്‍ ഉരുട്ടികൊലക്കേസിന്റെ അവസാനഭാഗത്ത് കുറ്റം ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം തന്നെയാണ്. സിബിഐയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ചെന്നൈ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് ആയിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലകേസ് അന്വേഷിച്ചത്.

നിരവധി സാങ്കേതികപരമായ നൂലാമാലകളും, തേയ്ച്ച് മായിച്ച കളഞ്ഞ തെളിവുകളുമായിരുന്നു അന്വേഷണ സംഘത്തിന് മുന്നിലെ ഏറ്റവും കടുത്ത വെല്ലുവിളി. കൂടാതെ സാക്ഷികളും പ്രതികളും പൊലീസുകാരായതിനാല്‍ കുറുമാറ്റമടക്കമുളളവയും മുന്നില്‍ കണ്ടായിരുന്നു സിബിഐയുടെ നീക്കം. എന്നാല്‍ അന്വേഷണ സംഘതലവന്‍ കെ.പ്രദീപ്കുമാറിന് ലഭിച്ച ഒരു രഹസ്യവിവരം കേസില്‍ വിഴിത്തിരിവിന് ഇടം ഒരുക്കുകയായിരുന്നു. കേസില്‍ കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ പൊലീസ് വിളിച്ച് വരുത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ ഹീരലാല്‍ നല്‍കിയ മൊഴിയും സിബിഐക്ക് പിടിവളളിയായിരുന്നു.

പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയ ശേഷം ഹീരാലാലിനെയും, രവീന്ദ്രന്‍ നായരെയും മാപ്പുസാക്ഷിയാക്കിയതും സിബിഐയുടെ തന്ത്രമായിരുന്നു. ഇതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്കും കേസ് എളുപ്പത്തിലെത്താന്‍ സഹായകമായി. നൂറുകണക്കിന് രേഖകള്‍ പരിശോധിക്കാനും, പൊലീസുകാരെ ചോദ്യം ചെയ്യാനും സിബിഐ സംഘത്തിലുണ്ടായിരുന്നത് കേവലം മൂന്ന് പേര്‍ മാത്രമായിരുന്നു. അന്വേഷണ സംഘം ഒരു വര്‍ഷത്തിലേറെ തൈക്കാട് pwd റെസ്റ്റ് ഹൗസിലെ മുറിയില്‍ താമസിച്ചായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

അന്വേഷണ സംഘ തലവനായ പ്രദീപ്കുമാര്‍ നിലവില്‍ ഡല്‍ഹിയില്‍ ഇന്റര്‍പോളിന്റെ ചുമതലയുളള ഉദ്യോഗസ്ഥനാണ്. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന സിബിഐയുടെ സ്‌പെഷ്യല്‍ യൂണിറ്റിലെ അംഗമായ ഇദ്ദേഹം ആലുവാ കൂട്ടകൊലകേസ് ചേങ്ങന്നൂര്‍ മൗലവി തിരോധാനക്കേസ് തുടങ്ങിയ കേസുകളിലെ അന്വേഷണ സംഘത്തിലുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അന്വേഷണ മികവിന് പ്രസിഡന്റിന്റെ മെഡലും പ്രദീപ് കുമാറിനെ തേടി എത്തിയിരുന്നു. എറണാകുളം സിബിഐ യൂണിറ്റിലെ കോണ്‍സ്റ്റബിള്‍മാരായ ഹരികൃഷ്ണനും, പ്രസാദുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

ഉയര്‍ന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ചിന്റെ നടപടിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തതും പൊലീസിലെ ഈ ക്രിമിനലുകളെ നീതിപീഠത്തിന് മുമ്പില്‍ എത്തിച്ചതും.

Top