UDAN scheme takes off; fares capped at Rs 2,500 for 1-hr flights

ന്യൂഡല്‍ഹി: 2500 രൂപ നല്‍കിയാല്‍ ഒരു മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു.

ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.

ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ജനുവരി മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആളുകള്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

ഉഡാനില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വിമാനക്കമ്പനികളില്‍ നിന്നു വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും.

ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കും.

ലാഭകരമായ റൂട്ടുകളില്‍ ലെവി ഏര്‍പ്പെടുത്തിയാണു പദ്ധതിക്കു പണം കണ്ടെത്തുക. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉടന്‍ ഗസറ്റ് പുറപ്പെടുവിക്കുമെന്നു വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു. താരതമ്യേന കുറഞ്ഞ തുകയായിരിക്കും ലെവിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതി, സേവന നികുതി, സംസ്ഥാന നികുതികള്‍ തുടങ്ങിയവയില്‍ കമ്പനികള്‍ക്ക് ഇളവു കിട്ടും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണു പദ്ധതി നടത്തിപ്പു ചുമതല.

നിലവില്‍ ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ഭാവ്‌നഗര്‍, ജാംനഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top