ഉദയ്പൂര്‍ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍, ജാഗ്രതാ നിർദ്ദേശം

ഉദയ്പൂർ: പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌സമന്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രണ്ടുപേർ ചേർന്നാണ് കൊല നടത്തിയത്. കനയ്യ ലാൽ എന്ന തയ്യൽക്കാരനാണ് കൊല്ലപ്പെട്ടത്. കൊല നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൊലയാളികൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

മൂന്നു ദിവസം മുൻപ് കനയ്യ ലാൽ നുപൂർ ശർമയെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. രണ്ടു പേർ തയ്യൽ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് പുറത്തുവന്ന ഒരു വീഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ഇവർ നിൽക്കുന്നതും കാണാം.

സംഭവത്തെ തുടർന്ന് ഉദയ്പൂരിൽ കനത്ത ജാഗ്രതാ നിർദേശങ്ങൾ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. 600 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംയമനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ആഹ്വാനം ചെയ്തു. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Top