കൂടുതല്‍ കമ്മീഷന്‍ ഈടാക്കുന്നു; സമരത്തിനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍

കൊച്ചി: യൂബര്‍, ഒല കമ്പനികള്‍ അമിതമായി കമ്മീഷന്‍ ഈടാക്കുന്നുണ്ടെന്ന് ആരോപിച്ച് എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ നിരക്കുകളില്‍ സര്‍വീസ് നടത്തുവാന്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തയ്യാറാകണമെന്നും കമ്മീഷന്‍ തുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യഘട്ടത്തിലുള്ള പ്രതിഷേധമെന്ന നിലയില്‍ ടാക്‌സികള്‍ കഴിഞ്ഞ 12ന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് രണ്ടാം ഘട്ടത്തിലുള്ള പ്രതിഷേധം നടത്തുന്നത്.

കളക്‌ട്രേറ്റിന് മുന്നില്‍ 27ന് സമരസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഒരു ട്രിപ്പില്‍ നിന്ന് ലഭിക്കുന്ന വാടകയുടെ 26 ശതമാനമാണ് യൂബര്‍, ഒല കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്നായി വാങ്ങുന്നത്.

Top