ഊബര്‍ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു

സാക്രിമെന്റോ : ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍ തങ്ങളുടെ 435 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. അമേരിക്കയിലെ പ്രൊഡക്ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെയാണ് ഊബര്‍ പിരിച്ചുവിടുന്നത്.

മാസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. ജൂലൈ മാസത്തില്‍ 400 പേരെ ഊബര്‍ പിരിച്ചുവിട്ടിരുന്നു. ആഗസ്റ്റില്‍ ഊബറിന് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന 5.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഊബറിന്റെ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ വരുമാന വര്‍ധനവും ഈ കാലത്തായിരുന്നു. ലോകത്താകമാനം 27000 പേരാണ് ഊബറില്‍ ജോലി ചെയ്യുന്നത്. ഇതില്‍ പാതിയും അമേരിക്കയിലാണ്.

ഇന്ത്യയിലെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ക്ക് ഒല, ഊബര്‍ ടാക്സികള്‍ തിരഞ്ഞെടുക്കുന്നതാണ് ഇരു ചക്ര വാഹന വിപണിയും കാര്‍ വിപണിയിലും ഇടിവുണ്ടാകാന്‍ കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നടത്തിയ പ്രസ്താവന. എന്നാല്‍ കനത്ത നഷ്ടമാണ് ഊബര്‍ കമ്പനിക്ക് ഓണ്‍ലൈന്‍ ടാക്‌സി സേവനരംഗത്ത് ഈയടുത്ത കാലത്ത് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top