വിമാനയാത്രക്കാര്‍ക്ക് പുത്തൻ സേവനങ്ങളുമായി യൂബര്‍

ദില്ലി: വിമാന യാത്രക്കാർക്ക് സഹായകമാകുന്ന പുതിയ ഫീച്ചറുമായി യൂബർ. ഇന്ത്യയിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും എയർപോർട്ടുകളിലേക്കും തിരിച്ചുമുള്ള ടാക്സി സേവനങ്ങൾ എളുപ്പമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വേനൽക്കാല യാത്രാ സീസണിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഇന്ത്യയിലെ യൂബർ ഉപയോക്താക്കൾക്ക് ഇപ്പോൾ 90 ദിവസം മുമ്പ് റൈഡ് റിസർവേഷൻ നടത്താനാകും.

ഇമെയിൽ വഴി യൂബർ ആപ്പിൽ യാത്രയുടെ വിവരങ്ങൾ അപ്ഡേറ്റും ചെയ്യാം. എയർപോർട്ട് റൂട്ടുകളിൽ സേവനമനുഷ്ഠിക്കുന്ന യൂബർ ഡ്രൈവർമാർക്ക് സഹായകമാകുന്ന രീതിയിൽ കമ്പനി വിവരങ്ങൾ കൈമാറും. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ യൂബർ ആപ്പ് വഴി ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലെ തിരക്കേറിയ 13 വിമാനത്താവളങ്ങളിലുള്ള യൂബർ പിക്ക്-അപ്പ് പോയിന്റുകളിലേക്ക് ഗൈഡ് സൗകര്യവും ഏർപ്പെടുത്തും.

പൂനെ, ചണ്ഡീഗഡ്, ജയ്പൂർ, ഗുവാഹത്തി, കൊച്ചി, അഹമ്മദാബാദ്, ലഖ്‌നൗ ഇതിൽ മിക്ക നഗരങ്ങളിലും ഗൈഡുകൾ ലൈവാണ്. ബാക്കിയുള്ള നഗരങ്ങൾ വരും ദിവസങ്ങളിൽ തന്നെ സംവിധാനം ഏർപ്പെടുത്തും. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ഗേറ്റിൽ നിന്ന് യൂബർ പിക്ക്-അപ്പ് പോയിന്റിലേക്കുള്ള വഴി കണ്ടെത്താൻ യാത്രക്കാരെ സഹായിക്കുന്ന ചിത്രങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദില്ലി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് വിമാനത്താവളത്തിന്റെ കവാടങ്ങളിൽ നിന്ന് യൂബർ പിക്ക്-അപ്പ് പോയിന്റിലേക്ക് നടക്കാൻ ആവശ്യമായ ദൂരം സംബന്ധിച്ച ധാരണയും കമ്പനി മുൻകൂർ നല്കും. നിലവില്‍ യൂബർ പ്രീമിയർ, യൂബർ എക്സ്എൽ, യൂബർ ഇന്റർ സിറ്റി , യൂബർ റെന്റലുകൾ എന്നിവയിൽ ഈ സേവനങ്ങൾ ലഭ്യമാണ്.

Top