യുഎപിഎ കരിനിയമമാണെന്നാണ് ഇടത് നയം, ദുരുപയോഗം തടയാന്‍ ശ്രമിക്കുമെന്ന് എം എ ബേബി

തിരുവനന്തപുരം : പൊലീസിന്റെ മനോഭാവം അവര്‍ പിടിക്കുന്നവരൊക്കെ കുറ്റക്കാരാണെന്നാണെന്ന് എം എ ബേബി. യുഎപിഎ കരിനിയമമാണെന്നാണ് ഇടത് നയം. പക്ഷെ ഒരു സംസ്ഥാന സര്‍ക്കാരിന് യുഎപിഎ നിയമം ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ ദുരുപയോഗം തടയാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉദ്യോഗസ്ഥവൃന്ദം യുഎപിഎ ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്. സിപിഎമ്മിനുള്ളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറിയോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും എം എ ബേബി പറഞ്ഞു.

അതേസമയം പന്തീരങ്കാവ് യു.എ.പി.എ അറസ്റ്റിനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്നും, സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. യു.എ.പി.എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിര്‍ത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ മാവോവാദി ബന്ധത്തെ കുറിച്ച് അന്വേഷിക്കാനായി സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

Top