സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ; ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

യുഎപിഎ നിയമത്തെ വ്യാപകമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. നേരത്തെ സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരിനിയമമാണെന്നും സിപിഎം ആരോപിച്ചിരുന്നു.

സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറയുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. കേസിന്റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ രണ്ട് പേരും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളാണ്. പന്തീരാങ്കാവില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

Top