യുഎപിഎ കേസ്: അലന്റെയും താഹയുടേയും കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട്: മവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കെയാണ് കാലാവധി നീട്ടിയത്. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു.

അതേസമയം അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.

നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് കീഴില്‍ ഉസ്മാനെതിരെ യുഎപിഎ കേസുമുണ്ട്.

അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് മൂന്നാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നുമാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഉസ്മാനെ തിരിച്ചറിഞ്ഞത്.

Top