തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും; കാനത്തിനെ പരസ്യമായി വിമര്‍ശിച്ച് സിപിഎം

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം.പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പികെ പ്രേംനാഥായിരുന്നു കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാടെന്ന് പരസ്യമായി കുറ്റപ്പെടുത്തിയ സിപിഎം രാജന്‍ കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയെന്നും ചോദിച്ചു.

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിന് വ്യക്തമായ തെളിവുണ്ടെന്നും സിപിഎം നേതാവ് പറഞ്ഞു.

താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേംനാഥ് പറഞ്ഞു.

Top