അലന്റെയും താഹയുടെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും. സിപിഎം പ്രവര്‍ത്തകരായ അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അര്‍ദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Top