യുഎപിഎ കേസ്; അലനും താഹയും ജയില്‍ മോചിതരായി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബും താഹ ഫസലും ജയില്‍ മോചിതരായി. കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം ലഭിച്ചത്തില്‍ ഇരുവരും സന്തോഷം പങ്കുവച്ചു. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2019 നവംബറിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, അലന്‍ ഷുഹൈബും ത്വാഹ ഫസലും ഇന്ന് ജയില്‍ മോചിതരാകാനിരിക്കെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ രംഗത്തെത്തിയിരുന്നു. കീഴ്ക്കോടതിയില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ നടക്കുമ്പോഴാണ് നാടകീയമായി ഇന്ന് തന്നെ ഹൈക്കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എന്‍ഐഎ സമീപിക്കുന്നത്.

ജാമ്യം ഇന്ന് നല്‍കുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കാട്ടി എന്‍ഐഎ കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയെങ്കിലും ഇത് വിചാരണക്കോടതി തള്ളി. ഹൈക്കോടതി ഇന്ന് പിരിഞ്ഞാല്‍ നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. അതിനാലാണ് അലനും ത്വാഹയ്ക്കും ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയില്‍ എന്‍ഐഎ എത്തുന്നത്.

Top