യു.എ.പി.എ അറസ്റ്റ്; യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയിൽ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും. ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്‍റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ അതിക്രമത്തിനുദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നു പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ വകുപ്പ് ചുമത്തിയത് പുനപരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ കോടതിയിൽ പറഞ്ഞു.

യു.എ.പി.എ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും പിൻ വലിക്കണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല. ഇക്കാര്യം പരിശോധിക്കാൻ സമയം വേണമെന്നായിരുന്നു പ്രാസിക്യൂഷന്റെ ആവശ്യം.

എന്നാല്‍ യുഎപിഎ ചുമത്താനാവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് റിപ്പോർട്ട് തന്നെയാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. കേസിൽ ഇനിയും പ്രതിയുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോൾ താഹ മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടിലുണ്ട്.

Top