ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ പ്രഖ്യാപിച്ച് യുഎഇ. നൂറ അല്‍ മത്റൂശിയെന്ന 27കാരിയെയാണ് യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരില്‍ ഒരാള്‍. മുഹമ്മദ് അല്‍ മുല്ലയാണ് മറ്റൊരാള്‍. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ട്വിറ്ററിലൂടെ ചരിത്ര പ്രഖ്യാപനം നടത്തിയത്.

രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി ആദ്യ അറബ് യാത്രികയായ നൂറ അല്‍ മത്റൂശി ഉള്‍പ്പെടെ രണ്ടു പേരെ കൂടി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു’ എന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 4,000ത്തിലധികം അപേക്ഷകരില്‍ നിന്നാണ് രണ്ടു പേരെ തെരഞ്ഞെടുത്തത്. ഇവര്‍ ഉടന്‍ തന്നെ നാസയിലെ ബഹിരാകാശ സംഘത്തിന്റെ ഭാഗമാവും. രണ്ടു പേരെയും അഭിനന്ദിക്കുന്നതായും യുഎഇയുടെ പ്രശസ്തി അവര്‍ വാനോളം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

1993ല്‍ അബൂദാബിയിലാണ് നൂറ ജനിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ നൂറ, നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയറാണ്. ചെറുപ്പം മുതലേ ബഹിരാകാശ സഞ്ചാരിയാവാന്‍ സ്വപ്‌നം കണ്ടായിരുന്നു നൂറ വളര്‍ന്നതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 1988ല്‍ ജനിച്ച മുഹമ്മദ് അല്‍ മുല്ലയാവട്ടെ, 15 വര്‍ഷമായി മികവ് തെളിയിച്ച പൈലറ്റാണ്. നിയമത്തിലും ഇക്കണോമിക്‌സിലും ബിരുദമുള്ള ഇദ്ദേഹം 19 വയസ്സിലാണ് പൈലറ്റ് ലൈസന്‍സ് സമ്പാദിച്ചത്. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു. പിന്നീട് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.

 

Top