ജുബൈല്‍: ദുബായ് സന്ദര്‍ശനം കഴിഞ്ഞു ജുബൈലിലേക്കു റോഡ് മാര്‍ഗം മടങ്ങി വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു.ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന, തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.
പെരുന്നാള്‍ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനും ആയി യു.എ.ഇ യില്‍ പോയി റോഡ് മാര്‍ഗം തിരിച്ചു വരുമ്പോള്‍ യു.എ.ഇ അതിര്‍ത്തിയിലുള്ള സാല്‍വാക്ക് സമീപം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിഞ്ഞാണ് അപകടം, ഇന്നലെ പുലര്‍ച്ചെ 5 മണിക്കാണ് അപകടം സംഭവിച്ചത്. ഷഫീഖ് തങ്ങള്‍ ആണ് കാര്‍ ഓടിച്ചിരുന്നത്, അദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സാല്‍വ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും. ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ നേതാവ് ഷിബു കവലയില്‍, ജുബൈല്‍ കെഎംസിസിയുടെ ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ നടന്നുവരുന്നു.











