പെണ്‍കരങ്ങളില്‍ യുഎഇ

യുഎഇ: യുഎഇയിലെ കമ്പനി ഉടമകളില്‍ മിക്കവരും സ്ത്രീകളാണെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. യുഎഇയിലെ ഫെഡറല്‍ കോംപറ്റിറ്റീവ്‌നസ്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ നല്‍കുന്ന വിവരം അനുസരിച്ച് യുഎഇയിലെ 80025 കമ്പനികളുടെ ഉടമകള്‍ വനിതകള്‍ ആണ്. യുഎഇയിലെ മൊത്തം സ്ഥാപനങ്ങളുടെ 24 ശതമാനമാനത്തിന്റെയും ഉടമകള്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ താമസിക്കുന്ന 33.7% സ്ത്രീകളും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ആണ്. ആരോഗ്യ മേഖല മാത്രം എടുത്ത് പരിശോധിക്കുകയാണെങ്കില്‍ 64 % സ്ത്രീ പ്രാതിനിധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

46 % സ്ത്രീകള്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ബിരുദധാരികളായി പുറത്തിറങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഒരോ വര്‍ഷവും വര്‍ദ്ധിച്ചുവരുകയാണ്. യുഎഇ മന്ത്രിസഭയില്‍ ഒമ്പത് വനിതകള്‍ ഉണ്ട്. 362687 വനിതകള്‍ ആണ് സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനായി ഈ വര്‍ഷം ചേര്‍ന്നിരിക്കുന്നത്. രാജ്യത്ത് 63 % വനിതകള്‍ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി മാധ്യമ രംഗത്തേക്ക് ഉടന്‍ കടന്നുവരാന്‍ തയ്യാറെടുക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലും വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികള്‍, മറ്റു അഡ്മിനിസ്‌ട്രേഷന്‍ പദവികളും വനിതകള്‍ വഹിക്കുന്നുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിനായി വലിയ രീതിയിലുള്ള പരിശ്രമമാണ് യുഎഇ നടത്തുന്നത്. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

 

 

Top