ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ വിസ ഇനി ഓണ്‍ലൈനിലൂടെ

ദുബായ്: ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ വിസയ്ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് അപേക്ഷകര്‍ക്ക് ആദ്യതവണ അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ സന്ദര്‍ശനത്തിനുള്ള ജിസിസി രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ വിസാ നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് യുഎഇ വിസ ഓണ്‍ലൈന്‍ ആക്കിയത്.

റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്‍ട്രി പെര്‍മിറ്റുകള്‍ക്ക് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ അപേക്ഷകരുടെ രേഖകള്‍ കൃത്യമാണെങ്കില്‍ അവരുടെ വിസ ഇ-മെയില്‍ വഴി അയച്ചുകൊടുക്കുമെന്ന് എന്‍ട്രി ആന്‍ഡ് റെസിഡന്‍സി പെര്‍മിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അലി അല്‍ ഷംസി പറഞ്ഞു.

ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിച്ചവര്‍ക്ക് ആദ്യതവണ 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് അനുവദിക്കുക. എന്നാല്‍ വിസ അടുത്ത 30 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഈ ഒണ്‍ലൈന്‍ സംവിധാനത്തില്‍ ലഭ്യമാകും.

ഓണ്‍ലൈനിലൂടെ സന്ദര്‍ശകര്‍ക്കുള്ള പേമെന്റ് ഉള്‍പ്പെടെ വിസാ നടപടികളുടെ എല്ലാ ഔദ്യോഗികാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇനി മുതല്‍ ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ട ആവശ്യമില്ല.

Top