രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ പ്രഖ്യാപിച്ച് യു.എ.ഇ. ഇതോടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായി മാറുകയാണ് യു.എ.ഇ. രാജ്യത്ത് 3,601 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

യു.എ.ഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. വാക്‌സിന്‍ എടുത്ത് കോവിഡിന്റെ വ്യാപനത്തെ തടയാനാണ് യു.എ.ഇയുടെ തീരുമാനം. വാക്‌സിന്‍ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി. നേരത്തേ ജനസംഖ്യയുടെ അമ്പത് ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ദേശീയ വാക്‌സിന്‍ യഞ്ജമാണ് യു.എ.ഇ പ്രഖ്യാപിച്ചിരുന്നത്.

ഇതുവരെ 26,77,675 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. നിലവില്‍ വാക്‌സിന്‍ വിതരണ നിരക്കില്‍ ലോകത്ത് ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് യു.എ.ഇ. അതിനിടെ, രാജ്യത്തെ കോവിഡ് കണക്കുകളുടെ ആധികാരികത ചോദ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ അധികൃതര്‍ തള്ളി. യു.എ.ഇ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമാണെന്ന് അധികൃതര്‍ പറഞ്ഞു.

വ്യാപനം തടയാനായി ദുബൈ ഹെല്‍ത്ത് അതോറിറ്റി ദന്ത പരിശോധനാ കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ദന്ത ചികില്‍സകളാകും ഡി.എച്ച്.എയുടെ ഡെന്റല്‍ കേന്ദ്രങ്ങളില്‍ ലഭ്യമാവുക. 3,601 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതര്‍ രാജ്യത്ത് 2,85,147 ആയി. മരണസംഖ്യ 805 ആയി. 3890 പേര്‍ക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തര്‍ 2,59,194 ആയി.

 

Top