മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ യുഎഇ

അബുദാബി: മൂന്ന് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ അനുവാദം നല്‍കി യുഎഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം. 900 കുട്ടികളില്‍ നടത്തിയ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായി യുഎഇ മാറും.

കുട്ടികളില്‍ കൊവിഡ് ബാധ തടയാന്‍ വാക്സിന്‍ എത്രത്തോളം ഫലപ്രദമാണെന്നും വാക്സിനെടുത്ത കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതിന്റെ ലക്ഷണങ്ങള്‍ എത്രമാത്രം ഗുരുതരമാണെന്നും പരീക്ഷിച്ച് അറിയുന്നതിനു വേണ്ടിയായിരുന്നു യുഎഇ ആരോഗ്യ മന്ത്രാലയം മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇങ്ങനെ ക്ലിനിക്കല്‍ ട്രയലിന് വിധേയരായ കുട്ടികളില്‍ രാജകുടുംബത്തിലെ അംഗങ്ങളും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികള്‍ ഒരുപോലെ പരീക്ഷണത്തിന് വിധേയരാവാന്‍ സന്നദ്ധരായി രംഗത്തെത്തിയിരുന്നു.

ജൂണ്‍ മൂന്നിന് മൂന്നിനും 17നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. ചൈനയില്‍ നടന്ന ഒന്നും രണ്ടും പരീക്ഷണത്തില്‍ കുട്ടികളില്‍ വാക്സിന്‍ മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു ശേഷമാണ് ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടം യുഎഇയില്‍ വച്ച് നടത്തിയത്. 900 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പരീക്ഷണം വലിയ വിജയമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ക്ലിനിക്കല്‍ ട്രയല്‍ വേളയില്‍ ചൈനീസ് വാക്സിനായ സിനോഫാമാണ് കുട്ടികളില്‍ യുഎഇ ആരോഗ്യമന്ത്രാലയം ഉപയോഗിച്ചത്. സിനോഫാം വാക്സിന്‍ ഹയാ വാക്സ് എന്ന പേരില്‍ യുഎഇ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നുമുണ്ട്. മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിലേറെ പേരും പൂര്‍ണമായി വാക്സിന്‍ നേടിയ യുഎഇയില്‍ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടതും സിനോഫാം ആയിരുന്നു. പിന്നീടാണ് ഫൈസര്‍ ബയോണ്‍ടെക്കും മൊഡേണ വാക്സിനും യുഎഇയില്‍ വിതരണത്തിനെത്തിയത്.

 

Top