കൊവിഡ് സുരക്ഷ ശക്തമാക്കാന്‍ യു.എ.ഇ: നടപടി റമദാൻ മുന്നിൽ കണ്ട്

ദുബൈ: കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ദുബൈയിൽ റമദാനോടടുപ്പിച്ച് നടപടികൾ കർശനമാക്കുന്നു. തറാവീഹ് നമസ്കാരത്തിന് ഉപാധികളുടെ പുറത്ത് അനുമതി നൽകി. സുരക്ഷാ സംവിധാനങ്ങൾ കർശനമായി നടപ്പാക്കുമെന്നും യു.എ.ഇ അധികൃതർ അറിയിച്ചു. ഏപ്രിൽ രണ്ടാം വാരത്തിലാണ് റമദാൻ വിരുന്നെത്തുക.

റമദാൻ കാലത്തെ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവും വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ചു. ദുബൈ ക്രൈസിസ് ആൻറ് ഡിയാസ്റ്റർ മാനേജ്മെന്റ്‌ സുപ്രീം കൗൺസിൽ ദുബൈയിലെ നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും കർശനമാക്കി സർക്കുലർ പുറപ്പെടുവിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്കുണ്ട്. ഒത്തുചേരലുകളിൽ പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും പങ്കെടുപ്പിക്കരുതെന്ന് കർശന നിർദേശം നൽകി.

പള്ളികളിൽ രാത്രിയിലെ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയെങ്കിലും പൂർണമായും സാമൂഹിക അകലം പാലിക്കണം. ഇശാഹ്, തറാവീഹ് നമസ്കാരങ്ങൾ 30 മിനിട്ടിനകം പൂർത്തിയാക്കണം.റമദാൻ തമ്പുകളും ഇഫ്താർ കൂടാരങ്ങളും പൂർണമായും നിരോധിച്ചു. പൊതുസ്ഥലങ്ങളിൽ ഭക്ഷണം പങ്കിട്ടു കഴിക്കുന്നതിനും വിലക്കുണ്ട്.

 

Top