വിവാദത്തിന് തിരികൊളുത്തി പാകിസ്ഥാന്‍; ടി20 ലോകകപ്പ് ജേഴ്സിയില്‍ ഇന്ത്യക്ക് പകരം യു.എ.ഇ

കറാച്ചി: ഐസിസി ട്വന്റി 20 ലോകകപ്പിന് മുന്‍പേ തന്നെ വിവാദത്തിന് തിരികൊളുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി. പാകിസ്ഥാന്റെ പുതിയ ലോകകപ്പ് ജഴ്സിയില്‍ ഇന്ത്യയുടെ പേരിന് പകരം യു.എ.ഇ എന്ന് പ്രിന്റ് ചെയ്താണ് വിവാദത്തിന് തിരികൊളുത്തിയത്.

ഐ.സി.സി നിയമപ്രകാരം ഏത് രാജ്യമാണോ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ആ രാജ്യത്തിന്റെ പേര് എല്ലാ ടീമുകളും ജഴ്സിയില്‍ ആലേഖനം ചെയ്യണം. 2020-ല്‍ ഇന്ത്യയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്. വേദി മാറ്റിയെങ്കിലും ടൂര്‍ണമെന്റ് നടത്തുന്നത് ഇന്ത്യയാണ്.

അതുകൊണ്ട് എല്ലാ ടീമുകളും ജഴ്സിയില്‍ ‘മെന്‍സ് ടി ട്വന്റി വേള്‍ഡ് കപ്പ് ഇന്ത്യ 2021’ എന്നാണ് എഴുതേണ്ടത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് പകരം യു.എ.ഇ 2021 എന്നാണ് പ്രിന്റ് ചെയ്തിരുക്കുന്നത്. നിലവില്‍ പാകിസ്ഥാന് പുറമേ സ്‌കോട്ലന്‍ഡ്, നെതര്‍ലന്‍ഡ്സ് ടീമുകളും ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കിയിട്ടുണ്ട്.

ഈ രണ്ട് ടീമുകളും ഇന്ത്യ 2021 എന്നാണ് ജഴ്സിയില്‍ എഴുതിയിരിക്കുന്നത്. പാകിസ്ഥാന്റെ ഈ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കൂടാതെ ഐ.സി.സി, ബി.സി.സി.ഐ സംഘടനകളെയും പാക് നടപടി ചൊടിപ്പിച്ചിട്ടുണ്ട്. മത്സരത്തിനിറങ്ങുമ്പോള്‍ യു.എ.ഇ ഒഴിവാക്കി പകരം ഇന്ത്യ എന്ന് ചേര്‍ക്കണമെന്ന് ഐ.സി.സി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

 

Top