ഇന്ത്യക്കാർക്ക് ആശ്വാസം;തൊഴിലിൽ വ്യത്യസ്തരാജ്യക്കാർ വേണമെന്ന നിബന്ധന യു.എ.ഇ. മരവിപ്പിച്ചു

യു.എ.ഇ.യിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളിൽ 20 ശതമാനംപേർ വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരായിരിക്കണമെന്ന നിബന്ധന താത്കാലികമായി റദ്ദാക്കിയതായി സൂചന. ഇന്ത്യക്കാരുൾപ്പെടെ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം വിസ അനുവദിച്ചുകിട്ടുന്നതായി വിവിധ ട്രാവൽ ഏജൻസികളും ടൈപ്പിങ് സെന്ററുകളും അറിയിച്ചു.

സ്ഥാപനങ്ങളിൽ ജനസംഖ്യാപരമായ വൈവിധ്യം പാലിക്കണമെന്ന യു.എ.ഇ.യുടെ നിർദേശം കർശനമാക്കിയത് പ്രവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു. 20 ശതമാനം തൊഴിലാളികളുടെ കാര്യത്തിൽ നിബന്ധന പാലിക്കുന്ന കന്പനികൾക്ക് ശേഷിക്കുന്ന തസ്തികകളിൽ സ്വന്തംരാജ്യക്കാരെത്തന്നെ നിയമിക്കാം.

നിബന്ധന പാലിക്കാത്ത കമ്പനികൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നിരസിക്കപ്പെടുന്നതായി യു.എ.ഇ.യിലെ നിയമവിദഗ്ധർ അറിയിച്ചിരുന്നു. ഇതോടെ, ജോലിമാറാൻ ഉദ്ദേശിച്ചവരും തൊഴിൽതേടി സന്ദർശകവിസയിൽലെത്തിയവരും ആശങ്കയിലായി. ഇന്ത്യക്കാർക്ക് യു.എ.ഇ. വിസ നിഷേധിച്ചെന്ന തരത്തിൽ വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. അതേസമയം, ചുരുക്കംചില സ്ഥാപനങ്ങൾക്ക് വിസ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നതായും ട്രാവൽ ഏജൻസികൾ പറയുന്നു.

Top