യുഎഇ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് വ്യവസ്ഥ പരിഷ്‌കരിച്ചു

അബുദാബി: വീട്ടുജോലിക്കാരെ യുഎഇയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കും വിധമാണ് പരിഷ്‌കാരം. സ്വദേശികളുടെയും വിദേശികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഭേദഗതികള്‍ വരുത്തിയത്.

ഇതനുസരിച്ച് ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ ശ്രീലങ്ക, ബംഗ്ലദേശ്, കെനിയ, നേപ്പാള്‍, ഇത്യോപ്യ, യുഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള വീട്ടുജോലിക്കാരെ നാലു വിഭാഗമാക്കി തിരിക്കും മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേനയാണ് റിക്രൂട്ട് ചെയ്യേണ്ടത്.

ഇതുമൂലം റിക്രൂട്ടിങ് ഏജന്‍സിയുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളിക്കും തൊഴിലുടമയ്ക്കും രക്ഷപ്പെടാം. യുഎഇയില്‍ തൊഴിലാളിക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുകയും ചെയ്യാം. തൊഴിലുടമയുമായുള്ള അഭിമുഖം, വീസ, എമിറേറ്റ്‌സ് ഐഡി, മെഡിക്കല്‍, ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളെല്ലാം തദ്ബീര്‍ ചെയ്യും. ആവശ്യമെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് മാറാനും അവസരമൊരുക്കും. ജോലി പരിശീലനം നല്‍കുന്നതോടൊപ്പം രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കും. തൊഴിലാളിയെ എയര്‍പോര്‍ട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് തൊഴിലുടമയെ ഏല്‍പിക്കും.

കൂടാതെ തൊഴിലാളികള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ തദ്ബീറിനെ സമീപിക്കാം. അബുദാബി 2, ദുബായ് 4, ഷാര്‍ജ 1, അജ്മാന്‍ 3, ഫുജൈറ 1 എന്നിങ്ങനെ തദ്ബീറിന് യുഎഇയില്‍ 11 കേന്ദ്രങ്ങളുണ്ട്.

ആയമാര്‍, ബേബിസിറ്റര്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടു ഡ്രൈവര്‍മാര്‍, പൂന്തോട്ട പരിചാരകര്‍, കുശിനിക്കാര്‍, സ്വകാര്യ അധ്യാപകര്‍, സ്വകാര്യ നഴ്‌സുമാര്‍, സ്വകാര്യ പിആര്‍ഒ എന്നിവരെല്ലാമാണ് ഗാര്‍ഹിക തൊഴിലാളി വിഭാഗത്തില്‍ പെടുക.

Top